വഴിമുട്ടി കാരുണ്യ പദ്ധതി; തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സ

വഴിമുട്ടി കാരുണ്യ പദ്ധതി; തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ചികിത്സാപദ്ധതി പ്രതിസന്ധിയില്‍. കുടിശികയെ ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെയാണ് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായ പദ്ധതി പ്രതിസന്ധിയിലായത്. ഏഴ് മാസത്തെ ചികിത്സച്ചെലവ് ഇനത്തില്‍ 500 കോടിയിലേറെ രൂപ സര്‍ക്കാര്‍ തരാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പരാതിപ്പെടുന്നു.

തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സ മാത്രമേ ഏറ്റെടുക്കൂ എന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന് ജനങ്ങളോട് കാരുണ്യമില്ലെങ്കിലും ആശുപത്രികള്‍ക്ക് അതുള്ളതിനാലാണ് പദ്ധതിയില്‍ നിന്നും പിന്മാറാത്തതെന്നും തിങ്കളാഴ്ച മുതല്‍ ഭാഗിക ചികിത്സയേ ഏറ്റെടുക്കൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ അറിയിച്ചു. ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കുള്ള ചികിത്സ നല്‍കും. കൂടാതെ ആശുപത്രികളിലെ സൗകര്യമനുസരിച്ച് അത്യാഹിത സ്വഭാവമുള്ള ചികിത്സകളും ഏറ്റെടുക്കും.

അതേസമയം റീ ഇംപേഴ്സ്മെന്റ് തുകയായി ഈയിടെ 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പാവപ്പെട്ടവര്‍ക്ക് സൗജന്യവും കുറഞ്ഞ ചെലവില്‍ ചികിത്സയും ഉറപ്പാക്കാനുള്ള കാരുണ്യ പദ്ധതിയില്‍ ഇപ്പോള്‍ 350 സ്വകാര്യ ആശുപത്രികളുണ്ട്. നേരത്തേ 411 ആശുപത്രികള്‍ ഉണ്ടായിരുന്നുവെന്നും നിരന്തരമായി പണം മുടങ്ങിയതോടെ 60 ആശുപത്രികള്‍ പിന്‍വാങ്ങിയെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് 20-25 കോടി രൂപ വീതവും മറ്റു പല ആശുപത്രികള്‍ക്കും ഒന്നും രണ്ടും കോടി രൂപ വീതവുമാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. ഒക്ടോബറില്‍ അനുവദിച്ച 104 കോടി രൂപയില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് നല്‍കിയത്. മാര്‍ച്ചില്‍ 100 കോടിയും പത്ത് ദിവസം മുമ്പ് 150 കോടി രൂപയും അനുവദിച്ചു. പക്ഷേ, എട്ടോ പത്തോ ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്കു ലഭിച്ചിട്ടുള്ളൂ. ബാക്കി തുക സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണക്കാരുടെ കുടിശിക തീര്‍ക്കാന്‍ ഉപയോഗിച്ചെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെ 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങളാണ് കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുരുതര രോഗങ്ങള്‍ക്കടക്കം പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഫലത്തില്‍ 64 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.