സംസ്ഥാനത്ത് പ്രചാരണം അവസാന ഘട്ടത്തിലേക്ക്: ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍; വാര്‍ റൂമുകള്‍ സജീവം

സംസ്ഥാനത്ത് പ്രചാരണം അവസാന ഘട്ടത്തിലേക്ക്: ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍; വാര്‍ റൂമുകള്‍ സജീവം

കൊച്ചി: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ബുധനാഴ്ച അവസാനിക്കും. വ്യാഴാഴ്ച നിശബ്ദ പ്രചാരണം. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളിലെ സ്ഥാനാര്‍ത്ഥികളാണ് എല്ലാ മണ്ഡലങ്ങളിലെയും മുഖ്യ പോരാളികള്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് എന്ന മലയോര ലോക്‌സഭാ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ കേരളത്തിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങള്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളും ജനശ്രദ്ധയില്‍ പിന്നിലല്ല.

ചെറിയ ഇടവേളകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏഴ് തവണ കേരളത്തിലെത്തി പ്രചാരണം നടത്തി എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങിയവരും സംസ്ഥാനത്തെത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖാര്‍ഗെ, വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനെത്തി.

ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയവരും കേരളത്തിലെത്തി. ഡി.രാജയുടെ ഭാര്യ ആനി രാജയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ മുഖ്യ എതിരാളി.

ദേശീയ, സംസ്ഥാന നേതാക്കളെല്ലാം ചേര്‍ന്ന് ഉഴുതു മറിച്ച തിരഞ്ഞെടുപ്പ് രംഗം കൊട്ടിക്കലാശത്തോട് അടുക്കുമ്പോള്‍ പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഉച്ചസഥായിലിലാണ്.

രാഹുല്‍-മോഡി കൊമ്പുകോര്‍ക്കല്‍ തുടക്കം മുതല്‍ പ്രകടമായിരുന്നെങ്കിലും അവസാന ലാപ്പിലെത്തിയപ്പോള്‍ ദേശിയ തലത്തില്‍ ഒരേ മുന്നണിയില്‍പ്പെട്ട രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലായി നേര്‍ക്കു നേര്‍ വാക്‌പോര്. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറനേയും ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം മുഖ്യമന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചു.

ഇതിന് മറുപടിയുമായി പിണറായി രംഗത്തെത്തിയതോടെ രംഗം വീണ്ടും കൊഴുത്തു. രാഹുലിന്റെ മുത്തശി തന്നെയടക്കമുള്ള സിപിഎം നേതാക്കളെ മുന്‍പ് ഒന്നര വര്‍ഷത്തോളം ജയിലില്‍ ഇട്ടിട്ടുണ്ടെന്നും അതിനാല്‍ ജയില്‍ എന്നു കേട്ടാല്‍ പേടിച്ചോടുന്നവരല്ല തങ്ങളെന്നും അദേഹം തിരിച്ചടിച്ചു. ഒപ്പം പണ്ടത്തെ പേര് തങ്ങളെക്കൊണ്ട് വിളിപ്പിക്കരുതെന്ന ഒളിയമ്പും എയ്തു.

ഇതോടെ വിഷയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഏറ്റെടുത്തു. നരേന്ദ്ര മോഡിക്കും പിണറായി വിജയനും ഒരേ സ്വരമാണെന്ന വിമര്‍ശനമാണ് അദേഹം ഉയര്‍ത്തിയത്. അതിനിടെ പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ മറിയ്ക്കുന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളും എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ തമ്മിലുണ്ടായി.

അതേസമയം സൈബറിടങ്ങളെ ചൊല്ലി ഏറ്റവുമധികം ആരോപണങ്ങളും പരാതികളും കൊണ്ട് ഷാഫി പറമ്പിലും കെ.കെ ഷൈലജയും ഏറ്റു മുട്ടുന്ന വടകര മണ്ഡലം പ്രത്യേക ശ്രദ്ധ നേടി. തുടക്കത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ചര്‍ച്ചയാക്കി പ്രചാരണം ആരംഭിച്ച യുഡിഎഫ് പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായപ്പോള്‍ അതില്‍ കയറിപ്പിടിച്ചു. പിന്നീടിങ്ങോട്ട് കണ്ടത് സൈബര്‍ പോരാട്ടമായിരുന്നു.

ഇനിയുള്ള നാല് ദിവസങ്ങളും തിരഞ്ഞെടുപ്പ് വാര്‍ റൂമുകള്‍ക്ക് വിശ്രമമുണ്ടാകില്ല. വെടിക്കെട്ടിന്റെ അവസാന നിമിഷം പൊട്ടിക്കാന്‍ മുന്നണികള്‍ കരുതി വച്ചിട്ടുള്ള നിലയമിട്ടുകള്‍ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ അറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.