വില്‍പന കുറഞ്ഞു; വൈദ്യുത കാറുകള്‍ക്ക് ലോകവ്യാപകമായി 1.6 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച്‌ ടെസ്‌ല

വില്‍പന കുറഞ്ഞു; വൈദ്യുത കാറുകള്‍ക്ക് ലോകവ്യാപകമായി 1.6 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച്‌ ടെസ്‌ല

ബംഗളൂരു: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വൈദ്യുത വാഹനങ്ങള്‍ക്ക് ലോകമെമ്പാടും വലിയ തോതില്‍ വില കുറച്ചു. അമേരിക്ക, ജര്‍മനി, ചൈന മാര്‍ക്കറ്റുകളിലാണ് അഞ്ചു മോഡലുകള്‍ക്ക് വില താഴ്ത്തിയത്. അവസാന പാദത്തില്‍ വില്‍പ്പനയില്‍ വലിയ തോതില്‍ ഇടിവു രേഖപ്പെടുത്തിയതാണ് ഇത്തരമൊരു നീക്കത്തിന് കാരണം. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരവും ടെസ്‌ലയുടെ ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.

2,000 ഡോളര്‍ (1,60,000 രൂപ) വരെ മോഡല്‍ വൈ, മോഡല്‍ എക്‌സ്, മോഡല്‍ വി എന്നിവയ്ക്ക് വിലകുറഞ്ഞിട്ടുണ്ട്. വിലയില്‍ കുറവു വരുത്തിയതിനൊപ്പം വലിയ ഓഫറുകളും ഉപയോക്താക്കള്‍ക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞിരുന്നു. യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പല രാജ്യങ്ങളിലും വാഹന വില ടെസ്‌ല കുറച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

അടുത്തിടെ കമ്പനി 3,900ത്തോളം സൈബര്‍ട്രക്ക് പിക്കപ്പ് വാഹനങ്ങളെ തിരിച്ചു വിളിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഇത്. ആക്‌സിലേറ്ററിലെ പ്രശ്‌നങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക് തനിയെ വേഗം കൂടുന്നതായിരുന്നു പ്രശ്‌നം. ആക്സിലേറ്റര്‍ പാഡില്‍ ഉപയോഗിച്ചിരിക്കുന്ന ലൂബ്രിക്കന്റാണെന്നു തിരിച്ചറിഞ്ഞതോടെ എല്ലാ സൈബര്‍ ട്രക്കുകളും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ടെസ്‌ല.

കഴിഞ്ഞയാഴ്ച്ച ലോക വ്യാപകമായി കമ്പനി 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനൊപ്പം തന്നെ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുത കാര്‍ നിര്‍മാണത്തില്‍ നിന്നും അവര്‍ പിന്‍മാറുകയും ചെയ്തിരുന്നു. വില്‍പനയില്‍ നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കമ്പനിക്ക് കഴിഞ്ഞ പാദത്തില്‍ ഇടിവു നേരിടേണ്ടി വന്നത്.

വിപണിയിലെ മത്സരത്തെ അതിജീവിക്കാന്‍ കഴിഞ്ഞ വര്‍ഷവും ടെസ്‌ല വൈദ്യുത കാര്‍ വില വെട്ടിക്കുറച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ബിവൈഡി, നിയോ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ടെസ്‌ലയുടെ വില്‍പനയെ ദോഷകരമായി ബാധിച്ചതാണ് കാരണം.

ടെസ്‌ലയുടെ വില്‍പനയിലെ പ്രശ്നങ്ങള്‍ ഇന്ത്യയിലെ അവരുടെ പദ്ധതികളെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വൈദ്യുത കാറുകള്‍ക്കുള്ള സാധ്യതകള്‍ തന്നെയാണ് ഇതിനു കാരണം. ടെസ്‌ലയുടെ മറ്റ് മാര്‍ക്കറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ അവര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തിരിച്ചടികള്‍ ഇന്ത്യയിലേക്കുള്ള മസ്‌കിന്റെ വരവിന് തടസമായേക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.