ആലപ്പുഴ: ജില്ലയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് എട്ട് വരെയാണ് നിയന്ത്രണം.
പ്രഭവ കേന്ദ്രത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സര്‍വലൈന്‍സ് സോണില്‍ ഉള്‍പ്പെടുന്ന കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാര്‍, കാര്‍ത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് എട്ട് വരെ ജില്ലാ കളക്ടര്‍ നിരോധിച്ചു.
ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും ആയതിലേയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കുട്ടനാട്, അമ്പലപ്പുഴ തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തേണ്ടതാണെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.