കൊച്ചി: കൊച്ചി സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെയുള്ള മൂന്നംഗസംഘത്തെ പിടികൂടി. കാസർകോട് വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ (35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎയും 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാസർകോടുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുന്നയാളാണ്. ഇതിന്റെ മറവിലാണ് ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കൊണ്ടു വരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്. ഒരു ഗ്രാം എംഡിഎംഎക്ക് അയ്യായിരം മുതൽ ആറായിരം രൂപ വരെയും ഹാഷിഷ് ഓയിൽ മൂന്ന് മില്ലി ഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയുമാണ് ഈടാക്കിയിരുന്നത്. ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാൾക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്.
കൊച്ചിൻ പൊലീസ് കമ്മീഷണറേറ്റിന്റെ ‘ലഹരി മുക്ത കൊച്ചി’ക്കായി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ‘യോദ്ധാവ്’ എന്ന വാട്ട്സാപ്പ് സംവിധാനം കഴിഞ്ഞ വർഷമാണ് ആദ്യമായി കൊച്ചിയിൽ നടപ്പിലാക്കിയത്. ഈ സംവിധാനത്തിന്റെ പ്രത്യേകത രഹസ്യവിവരങ്ങൾ അയക്കുന്നയാളുടെ വിവരങ്ങൾ ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല എന്നതാണ്. ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്ങളെ കണ്ടാൽ വീഡിയോ ആയോ, ചിത്രങ്ങളായോ, സന്ദേശങ്ങളായൊ അയക്കാവുന്നതാണ്. മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇൻസ്പെക്ടർ ജനറലും പൊലീസ് കമ്മീഷണറുമായ നാഗരാജു ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. ‘യോദ്ധാവി’ൽ കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു മാസമായി നടത്തിയ
‘രഹസ്യാന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനുമായി 100ഓളം പൊലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, സെൻട്രൽ എസ്.ഐ കെ.എക്സ് തോമസ്, വി. വിദ്യ, എസ്.പി. ആനി, എ.എസ്.ഐ മണി, എസ്.സി.പി.ഒ മനോജ് എന്നിവരും ഡാൻസാഫിലെയും, എസ്.ഒ.ജി യിലേയും പോലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, കഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാൻസാഫിന്റെ 9497980430 എന്ന നമ്പറിലോ അയക്കണമെന്നും അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.