'കൂട്ടബലാത്സംഗക്കാരനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണം': മോഡിക്കെതിരെ രാഹുല്‍

 'കൂട്ടബലാത്സംഗക്കാരനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണം': മോഡിക്കെതിരെ രാഹുല്‍

ബംഗളൂരു: നിരവധി ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ബിജെപി സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബിജെപി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അയാളെ പിന്തുണയ്ക്കുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് ബിജെ.പി- ജെഡിഎസ് സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

അതിനിടെ പ്രജ്വല്‍ രേവണ്ണക്കായി പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അന്വേഷ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രേവണ്ണ അഭിഭാഷകര്‍ മുഖേന അപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.