കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍; വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവും മരിച്ച നിലയില്‍, ദുരൂഹത

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍; വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവും മരിച്ച നിലയില്‍, ദുരൂഹത

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അതിനിടെ ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്നും 22 കിലോ മീറ്റര്‍ അകലെ ഇരൂള്‍ എന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിനോദ യാത്ര പോയിരിക്കുകയായിരുന്നു. ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് കുടുംബം യാത്ര പോയത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞ ദിവസം പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

അനിലയുടെ മൃതദേഹത്തിന് സമീപം ചോരക്കറകളുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

മാത്രമല്ല, വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത് അന്നൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ്. ഇതുസംബന്ധിച്ചും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.