സാ​ങ്കേതിക തകരാർ; സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

സാ​ങ്കേതിക തകരാർ; സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

വാഷിങ്ടൺ ഡിസി: സാ​ങ്കേതിക തകരാർ മൂലം ബഹിരാകാശ വാഹനം സ്റ്റാർലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിത വില്യംസിനേയും കൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കാനിരുന്ന ദൗത്യത്തിന്റെ വിക്ഷേപണമാണ് മാറ്റിവെച്ചത്. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന അറിയിച്ചിട്ടില്ല.

ബോയിങ്ങിന്റെ പുതിയ സ്‍പേസ് എയർക്രാഫ്റ്റായ സ്റ്റാർലൈനർ ഇന്ന് രാവിലെ 8.04 നാണ് ​ഫ്ലോറിഡയിലെ കെന്നഡി സ്‍പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാൽ ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്സിജൻ റിലീവ് വാൽവിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാൻ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. സുനിത വില്യംസും നാസയുടെ ബെറി വില്യംമോറുമാണ് ഇന്റർനാഷണൽ സ്‍പേസ് സ്റ്റേഷനിലേക്ക് പോകാനിരുന്നത്. ഇരുവരും സുരക്ഷിതമായി പേടകത്തിന് പുറത്തെത്തി.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു. പുതിയ ബഹിരാകാശ പേടകത്തിലെ യാത്രയെ കുറിച്ച് ഏറെ ആകാംക്ഷയുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണിത്.റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ 100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പറന്നത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.