ലാവലിന്‍ കേസ്: അന്തിമവാദത്തിനായി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ലാവലിന്‍ കേസ്: അന്തിമവാദത്തിനായി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:ഏറെ വിവാദമായ എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. അന്തിമവാദത്തിനായി 112 -ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മെയ് ഒന്ന്, രണ്ട് തിയതികളിലും പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റ് ചില കേസുകളില്‍ വാദം നീണ്ടുപോയതിനാല്‍ അന്തിമവാദം ആരംഭിച്ചില്ല.

മെയ് 17 ന് മധ്യവേനല്‍ അവധിക്കായി അടയ്ക്കുന്ന സുപ്രീം കോടതി ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാല്‍ അന്തിമ തീര്‍പ്പ് വൈകിയേക്കും. 2017 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് ലാവലിന്‍ കേസ്. അന്തിമവാദം കേള്‍ക്കാനായി സുപ്രീം കോടതി മെയ് രണ്ടിന് 110 -ാം നമ്പര്‍ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകള്‍ നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

നേരത്തെ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 ലേറെ തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പല തവണയായി സിബിഐ ഉള്‍പ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.

2017 ഓഗസ്റ്റ് 23 നാണ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

2013 ഒക്ടോബര്‍ 15 നായിരുന്നു ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് പരസ്യമായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. സിപിഎമ്മിനും ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനുമെതിരെയായിരുന്നു വിമര്‍ശനം. ലാവ്ലിന്‍ അഴിമതി കേസ് തന്നെയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് അന്നദേഹം തുറന്നു പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.