പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 78.69 വിജയ ശതമാനം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനം കുറവ്

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 78.69 വിജയ ശതമാനം;  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനം കുറവ്

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേര്‍.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനം കുറവാണിത്. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33815 ആയിരുന്നു.

റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി 294888 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. സയന്‍സ് ഗ്രൂപ്പില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയത് 1,60696 പേരാണ്. വിജയ ശതമാനം 84.84, ഹ്യുമാനിറ്റിസില്‍ 51144 ഉപരി പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 67.09. കോമേഴ്സ് ഗ്രൂപ്പ് ഉപരി പഠനത്തിന് യോഗ്യത നേടിയത് 83048 പേര്‍. വിജയ ശതമാനം 76.11 ആണ്.

വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എ പ്ലസ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി. 63 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി ഇതില്‍ ഏഴ് സര്‍ക്കാര്‍ സ്‌കുളുകളുമുണ്ട്. ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം.

പരീക്ഷാ ഫലങ്ങള്‍ വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.പിആര്‍ഡി ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്ക് കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.