കോണ്‍ഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും; മോഡി സര്‍വാധിപതിയെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും; മോഡി സര്‍വാധിപതിയെന്ന് രാഹുല്‍ ഗാന്ധി

ലഖ്നൗ: കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് മുന്‍കാലത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി.

ലഖ്നൗവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നരേന്ദ്ര മോഡി 'നരേന്ദ്രനാ'(രാജാവ്)ണെന്നും പ്രധാനമന്ത്രിയല്ലെന്നും പ്രസംഗത്തിനിടെ രാഹുല്‍ വിമര്‍ശിച്ചു.

'വരുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും വീഴ്ചകള്‍ വരുത്തിയിരുന്നു എന്ന കാര്യം കൂടി പറയാന്‍ ഞാനാഗ്രഹിക്കുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ഏകാധിപതിയാണെന്നും ഏതാനും നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും രാഹുല്‍ ആരോപിച്ചു. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ഭരണഘടനയിലോ അദേഹത്തിന് യാതൊന്നും പ്രവര്‍ത്തിക്കാനില്ല.

'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാജാവാണദേഹം. യാഥാര്‍ഥത്തില്‍ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്ന നിക്ഷേപരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തി'- രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ വാദ പ്രതിവാദത്തിനും രാഹുല്‍ ക്ഷണിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 180 സീറ്റുകളിലധികം നേടില്ല. നരേന്ദ്ര മോഡി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേക്കാണ് ഞാന്‍ പിറന്നു വീണത്. അതിനാല്‍ത്തന്നെ അതിലെനിക്ക് താല്‍പര്യവുമില്ല. അധികാരമെന്നാല്‍ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണെനിക്കെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.