സൂര്യനിലെ പ്രഭാ മണ്ഡലത്തില്‍ പ്രകാശ തീവ്രത കുറഞ്ഞതായി കാണുന്ന പ്രദേശങ്ങളില്‍ നിന്ന് വാതകങ്ങള്‍ പുറം തള്ളുന്ന പ്രതിഭാസമാണ് സൗരോര്‍ജ കാറ്റ്.
വാഷിങ്ടണ്‍: അസാധാരണവും ശക്തവുമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചതായി ഗവേഷകര്‍. വെള്ളിയാഴ്ച ആരംഭിച്ച സൗരോര്‍ജ കാറ്റിന്റെ ഭീഷണി തുടര്‍ ദിവസങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ ഉപഗ്രഹങ്ങള്‍ക്കും പവര്‍ ഗ്രിഡുകള്‍ക്കും മൊബൈല്‍ - റേഡിയോ സിഗ്‌നലുകള്‍ക്കും തടസമുണ്ടായേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സൗര പ്രവാഹം വെള്ളിയാഴ്ച ഭൂമിയില്‍ എത്തിയപ്പോള്‍ തന്നെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ അപൂര്‍വമായ ഭൂകാന്തിക കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പ്രത്യാഘാതം ഒരുപക്ഷേ അടുത്ത ആഴ്ച വരെ നീണ്ടു നില്‍ക്കും.
സൂര്യനിലെ പ്രഭാ മണ്ഡലത്തില്‍ പ്രകാശ തീവ്രത കുറഞ്ഞതായി കാണുന്ന പ്രദേശങ്ങളില്‍ നിന്ന് വാതകങ്ങള്‍ പുറം തള്ളുന്ന പ്രതിഭാസമാണ് സൗരോര്‍ജ കാറ്റ്. സൂര്യന്റെ കാന്തിക ശക്തി കൊണ്ട് ഈ വാതകങ്ങള്‍ ഭൂമിയിലേക്ക് എത്തുകയായിരുന്നു.
ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തെ തടസപ്പെടുത്തും. തല്‍ഫലമായി ജീവജാലങ്ങള്‍ക്ക് അപായം സംഭവിക്കുന്നതിനൊപ്പം സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ്, വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കൊടുങ്കാറ്റാണ് ഇത് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
അതിനാല്‍ തന്നെ ഭ്രമണപഥത്തിലെ പവര്‍ പ്ലാന്റുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഓപ്പറേറ്റര്‍മാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2003 ഒക്ടോബറില്‍ വീശിയടിച്ച 'ഹാലോവീന്‍ കൊടുങ്കാറ്റി'ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ സൗരോര്‍ജ കൊടുങ്കാറ്റാണ് വെള്ളിയാഴ്ച വീശിയത്. 2003 ല്‍ ഉണ്ടായ തീവ്ര ഭൂകാന്തിക കൊടുങ്കാറ്റ്, സ്വീഡനിലെ വൈദ്യുതി ബന്ധം തകര്‍ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു.
അതിനും മുന്‍പ് വലിയ വിനാശകരമായ സൗരോര്‍ജ കൊടുങ്കാറ്റുണ്ടായത് 1989 ല്‍ ആയിരുന്നു. മധ്യ അമേരിക്കയിലും ഹവായിയിലും ആണ് ഇത് വലിയ നാശനഷ്ടമുണ്ടാക്കിയത്. എന്നാല്‍ അത്തരം തീവ്രത ഇത്തവണ പ്രതീക്ഷിക്കുന്നില്ല എന്നാണ് എന്‍ഒഎഎ ബഹിരാകാശ കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് കൊടുങ്കാറ്റ് ഗുരുതരമായ ഭീഷണി ഉയര്‍ത്തില്ലെന്ന് നാസ അറിയിച്ചു. റേഡിയേഷന്‍ ലെവലുകള്‍ വര്‍ധിച്ചതാണ് ആശങ്ക. എന്നാല്‍ ആവശ്യമെങ്കില്‍ സ്റ്റാന്‍ഡിന്റെ മെച്ചപ്പെട്ട കവചമുള്ള ഭാഗത്തേക്ക് ക്രൂവിന് മാറാന്‍ കഴിയുമെന്ന് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റോബ് സ്റ്റീന്‍ബര്‍ഗ് പറഞ്ഞു.
അമിതമായ വികിരണം നാസയുടെ ചില ശാസ്ത്ര ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായേക്കാം. കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി വന്നാല്‍ അതീവ സെന്‍സിറ്റീവ് ഉപകരണങ്ങള്‍ ഓഫ് ചെയ്യുമെന്ന് ബഹിരാകാശ ഏജന്‍സിയുടെ ഹീലിയോഫിസിക്‌സ് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ആന്റി പുള്‍ക്കിനന്‍ പറഞ്ഞു. സൂര്യനെ കേന്ദ്രീകരിച്ചുള്ള നിരവധി ബഹിരാകാശ വാഹനങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.