ഇറാനുമായി ചേര്‍ന്ന് ഇന്ത്യയുടെ നിര്‍ണായക നീക്കം: പുതിയ പാത; ലക്ഷ്യം മധ്യേഷ്യയും യൂറോപ്പും

ഇറാനുമായി ചേര്‍ന്ന് ഇന്ത്യയുടെ നിര്‍ണായക നീക്കം: പുതിയ പാത;  ലക്ഷ്യം മധ്യേഷ്യയും യൂറോപ്പും

ന്യൂഡല്‍ഹി: ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പില്‍ ഇറാനും ഇന്ത്യയും കൈകോര്‍ക്കുന്നു. അടുത്ത പത്ത് വര്‍ഷം തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ഇന്ത്യയ്ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന കരാര്‍ രാജ്യത്തിന് വലിയ നേട്ടമാകും.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മില്‍ ഇന്ന് നിര്‍ണായക കരാര്‍ ഒപ്പു വയ്ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ്
കേന്ദ്ര തുറമുഖ-കപ്പല്‍ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലേക്ക് തിരിച്ചത്.

ഇറാനിലെ തെക്ക് കിഴക്കന്‍ തീരത്താണ് ചാബഹാര്‍ തുറമുഖം. ഇറാനിലേക്കും മധ്യേഷ്യയിലേക്കും ചരക്ക് ഗതാഗതം സുഗമമാക്കാനാണ് തുറമുഖ വികസനത്തില്‍ ഇന്ത്യയും പങ്കാളിയാകുന്നത്.

ഇന്ത്യയില്‍ നിന്ന് തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലേക്കും ശേഷം പശ്ചിമേഷ്യയിലൂടെ ഇസ്രയേല്‍ വഴി യൂറോപ്പിലേക്കുമുള്ള പുതിയ സാമ്പത്തിക ഇടനാഴി കഴിഞ്ഞ സെപ്തംബറിലെ ജി 20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറമെയാണ് ഇറാനുമായി ചേര്‍ന്ന് മറ്റൊരു പാത. മധ്യേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്പിനേയുമാണ് ഈ പാതയും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ചാബഹാര്‍ തുറമുഖ നടത്തിപ്പില്‍ ഇന്ത്യ ഭാഗമാകുന്നതാണ് പുതിയ കരാര്‍.

അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഈ പാത പാകിസ്ഥാനെയും ചൈനയെയും ആശ്രയിക്കാതെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ സഹായിക്കും. ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ചാബഹാര്‍ തുറമുഖം മധ്യേഷ്യയിലേക്ക് മാത്രമല്ല എളുപ്പ വഴി ഒരുക്കുന്നത്. കാസ്പിയന്‍ കടലിലൂടെ റഷ്യയിലേക്കും യൂറോപ്പിലേക്കും ഇത് നീളും.

സിന്‍ജിയാങില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തേക്ക് ചൈന സില്‍ക്ക് റോഡ് നിര്‍മിക്കുന്നുണ്ട്. മധ്യേഷ്യന്‍ വിപണിയിലേക്ക് ചരക്ക് എത്തിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ചാബഹാര്‍ തുറമുഖം. ഇവിടെ ഇന്ത്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അമേരിക്കയുടെ ഉപരോധം പ്രതികൂലമാകുകയായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് ഇബ്രാഹീം റെയ്സിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചാബഹാര്‍ തുറമുഖ പദ്ധതി വേഗത്തില്‍ തീര്‍ക്കാന്‍ ധാരണയാകുകയും ചെയ്തു. മറ്റു ചില കരാര്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്.

ഇതുവഴി മുംബൈ തുറമുഖത്ത് നിന്ന് പുറപ്പെടുന്ന ചരക്കുകള്‍ കടല്‍ മാര്‍ഗം ചാബഹാര്‍ തുറമുഖത്തെത്തും. തുടര്‍ന്ന് കാസ്പിയന്‍ കടലിലെ ഇറാന്‍ തുറമുഖമായ ബാന്തറെ അന്‍സാലിയിലേക്ക് റോഡ് വഴി ചരക്കെത്തിക്കും.

അവിടെ നിന്ന് റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായുള്ള കാസ്പിയന്‍ തുറമുഖമായ അസ്ട്രഖാനിലേക്ക് എത്തും. ശേഷം റഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും റെയില്‍വെ വഴി യൂറോപ്പിലേക്കുമാണ് ചരക്ക് എത്തുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.