പിഎഫില്‍ നിന്ന് അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇപിഎഫ്ഒ

പിഎഫില്‍ നിന്ന് അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇപിഎഫ്ഒ

ന്യൂഡല്‍ഹി: പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി ഇപിഎഫ്ഒ. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിഎഫ് അക്കൗണ്ടില്‍ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അനുവദിച്ചിരിക്കുകയാണ് ഇപിഎഫ്ഒ. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) 238-ാമത് യോഗത്തിലാണ് തീരുമാനം.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ. അംഗത്തിന് ഒരു മാസം ജോലിയില്ലാതെ കഴിയേണ്ടി വന്നാല്‍ പിഎഫ് ബാലന്‍സിന്റെ 75 ശതമാനവും രണ്ട് മാസത്തിന് ശേഷം ബാക്കി 25 ശതമാനവും പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നിരുന്നാലും വിരമിക്കുമ്പോള്‍ പൂര്‍ണ തുക പരിധിയില്ലാതെ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു.

സാധാരണ രീതിയില്‍ അനുവദനീയമായ പരമാവധി പിന്‍വലിക്കല്‍ അര്‍ഹമായ തുകയുടെ 90 ശതമാനമായിരുന്നു. ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിര്‍മാണത്തിനോ, ഇഎംഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള അര്‍ഹമായ തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ 100 ശതമാനമാക്കിയത്.

സങ്കീര്‍ണമായ 13 വ്യവസ്ഥകളെ ലയിപ്പിച്ചുകൊണ്ട് പിന്‍വലിക്കല്‍ വ്യവസ്ഥകള്‍ ലളിതമാക്കാനാണ് സിബിടി തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ചെലവിനായുള്ള പിന്‍വലിക്കല്‍ പരിധി 10 തവണ വരെയാക്കി. നേരത്തെ ഇത് മൂന്ന് തവണയായിരുന്നു. വിവാഹ ആവശ്യത്തിന് അഞ്ച് തവണ വരെ പണം പിന്‍വലിക്കാം. നേരത്തെ ഇത് മൂന്ന് തവണ മാത്രമാണ് അനുവദിച്ചിരുന്നത്. എല്ലാ ഭാഗിക പിന്‍വലിക്കലുകള്‍ക്കും മിനിമം സേവനത്തിന്റെ ആവശ്യകത ഏകീകൃതമായി 12 മാസമായി ചുരുക്കി.

നേരത്തെ 'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തില്‍, അംഗം ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രകൃതി ദുരന്തം, സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍, തുടര്‍ച്ചയായ തൊഴിലില്ലായ്മ, പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടല്‍ തുടങ്ങിയവ. ഇത് പലപ്പോഴും ക്ലെയിമുകള്‍ നിരസിക്കുന്നതിനും തുടര്‍ന്നുള്ള പരാതികള്‍ക്കും കാരണമായി.

ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഒരു കാരണവും നല്‍കാതെ അംഗത്തിന് അപേക്ഷിക്കാം. അതേസമയം അംഗങ്ങള്‍ എല്ലായ്‌പ്പോഴും 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് പലിശ നിരക്ക് (നിലവില്‍ 8.25% വാര്‍ഷിക പലിശ) ലഭിക്കാനും സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.