കോട്ടയം: ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ എന്‍എസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകള്‍ക്കും നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ട്. എന്‍എസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണം. അതുപോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പാലാ ബിഷപ്പ് ഹൗസില്‍ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.
നീതി നിഷേധമുണ്ടെങ്കില്‍ സഭ ഒന്നിച്ച് നില്‍ക്കും. ഭിന്നശേഷി നിയമനത്തില്‍ സര്‍ക്കാര്‍ നിലവില്‍ കൈക്കൊണ്ട തീരുമാനം ആശ്വാസകരമല്ല. എന്‍എസ്എസിന് ലഭിച്ചത് പോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണം. സര്‍ക്കാരിന്റേത് ബോധപൂര്‍വമായ കടന്നുകയറ്റമാണ്. നിയമ വ്യവഹാരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമരം തങ്ങളുടെ ഭാഗമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ചുകാലമായി ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഗൗരവമായി കാണുന്നുവെന്നും പള്ളുരുത്തി സ്‌കൂളില്‍ ഉണ്ടായ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് അദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ അടക്കം ക്രൈസ്തവ സഭ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.