കാബൂള്‍: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്നുണ്ടായ ശക്തമായ വെടിവയ്പില്‍ ഇരു രാജ്യങ്ങളുടെയും സൈനിക നിരയില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്.
പാക് സൈന്യത്തിന്റെ നിരവധി അതിര്‍ത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്തതായും 58 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും അഫ്ഗാന്റെ താലിബാന്‍ സൈന്യം അവകാശപ്പെട്ടു. തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.
അതേസമയം 200 അഫ്ഗാന്‍ സൈനികരെ വധിച്ചതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ 12 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടതെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഡ്യൂറന്റ് ലൈനിനോടു ചേര്‍ന്നുള്ള പാക് ജില്ലയായ ചമന്‍, അഫ്ഗാന്‍ ജില്ലയായ സ്പിന്‍ ബോള്‍ദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.

പാക് സൈന്യമാണ് ഇന്ന് രാവിലെ ആക്രമണം തുടങ്ങിയതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ആക്രമണത്തില്‍ സ്പിന്‍ ബോള്‍ദക് മേഖലയിലെ 12 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. ഇതിന് അഫ്ഗാന്‍ സൈന്യം മറുപടി നല്‍കിയെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
എന്നാല്‍ അഫ്ഗാന്‍ സൈന്യവും പാക് താലിബാനും ചേര്‍ന്ന് തങ്ങളുടെ പോസ്റ്റുകള്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പാകിസ്ഥാന്‍ പറഞ്ഞു. കനത്ത തിരിച്ചടിയില്‍ പാക് താലിബാന്റെ പരിശീലന കേന്ദ്രമുള്‍പ്പെടെ തകര്‍ത്തതായും പാകിസ്ഥാന്‍ അവകാശപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് അഫ്ഗാനില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി അഫ്ഗാന്‍ സൈന്യം അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇരുപതിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടിയില്‍ അഫ്ഗാന്‍ സൈന്യത്തിനും ആള്‍നാശമുണ്ടായി.
പിന്നാലെ 12 ന് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി ക്രോസിങുകള്‍ അടച്ചു. തുടര്‍ന്ന് ഖത്തറും സൗദി അറേബ്യയും ഇടപെട്ട് ഇരു വിഭാഗവും തമ്മിലുള്ള പോരാട്ടം നിര്‍ത്തി വെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.