സൗര കൊടുങ്കാറ്റ് ഞായറാഴ്ച വരെ തുടരും; തീവ്രത കുറയുമെന്ന് യു.എസ് ഏജന്‍സി

സൗര കൊടുങ്കാറ്റ് ഞായറാഴ്ച വരെ തുടരും; തീവ്രത കുറയുമെന്ന് യു.എസ് ഏജന്‍സി

വാഷിങ്ടണ്‍: ശനിയാഴ്ച സൂര്യനില്‍ നിന്നുണ്ടായ ശക്തിയേറിയ സൗര കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞ ആവര്‍ത്തനം ഞായറാഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍. കൊടുങ്കാറ്റിന്റെ വേഗതയില്‍ ഉപഗ്രഹ സിഗ്നലുകളും മൊബൈല്‍ സിഗ്നലുകളും തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇത് പവര്‍ ഗ്രിഡിനെയും ആശയവിനിമയങ്ങളെയും ബാധിച്ചേക്കാമെന്നും അറിയിപ്പിലുണ്ട്.

ശനിയാഴ്ച്ച രാത്രി ഭൂമിയില്‍ വീശിയ സൗരക്കാറ്റ് ആഗോളതലത്തില്‍ ആകാശത്തെ വിസ്മയിപ്പിച്ചിരുന്നു. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തിയേറിയ സൗരക്കാറ്റാണിത് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, പവര്‍ ഗ്രിഡുകള്‍, ആശയവിനിമയങ്ങള്‍ സംവിധാനങ്ങള്‍, ഉപഗ്രഹ സിഗ്നലുകള്‍ എന്നിവയില്‍ ചെറിയ തടസങ്ങള്‍ മാത്രമാണുണ്ടായത് എന്നത് ആശ്വാസമായി.

അമേരിക്കയില്‍ സൗര കൊടുങ്കാറ്റില്‍ കാര്യമായ ആഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. വൈദ്യുതി ഉപഭോക്താക്കളില്‍ പ്രകടമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യു.എസ്. ഊര്‍ജ്ജ വകുപ്പും സ്ഥിരീകരിച്ചു.

ശനിയാഴ്ചയുണ്ടായ സൗരക്കാറ്റ് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തെ സമ്മര്‍ദത്തിലാഴ്ത്തിയതായി സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. അതേസമയം, സമ്മര്‍ദങ്ങള്‍ക്കിടയിലും തങ്ങളുടെ ഉപഗ്രഹങ്ങള്‍ നന്നായി കൈകാര്യം മുന്നോട്ടുപോകുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു. ഭൂമിയെ ചുറ്റുന്ന ഏകദേശം 7,500 ഉപഗ്രഹങ്ങളില്‍ 60 ശതമാനവും സ്റ്റാര്‍ലിങ്കിന്റെ ഉടമസ്ഥതയിലാണുള്ളത്.

ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും ശനിയാഴ്ച്ച രാത്രി ആകാശത്ത് ധ്രുവദീപ്തി ദൃശ്യമായിരുന്നു.

അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫോര്‍ട്ട് മിയേഴ്സ്, ഫ്‌ളോറിഡ, കന്‍സാസ്, നെബ്രാസ്‌ക, അയോവ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായി.

ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്. സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്‍മാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികള്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നു. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്.

വെള്ളി, ശനി ദിവസങ്ങളില്‍ കുറഞ്ഞത് നാല് ശക്തമായ സൗര കൊടുങ്കാറ്റുകള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ട്. ശരാശരിയേക്കാള്‍ കൂടിയതായരുന്നു ഇവയുടെ തീവ്രത. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സൂര്യനില്‍ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.