കോഴിക്കോട്: കൈയ്ക്ക് ശസ്ത്രക്രിയ നടത്താനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ നാല് വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
കൈയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.
കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയപ്പോള്‍ ഒപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടു വരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.
കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈയ്ക്കാണ് ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.
അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതികള്‍ ഉണ്ടാകുന്നത് ഇത് ആദ്യമല്ല. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഇരയായ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.