ജോസ് കെ. മാണിയെ മയപ്പെടുത്താന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ തുടരുന്നു

ജോസ് കെ. മാണിയെ മയപ്പെടുത്താന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ തുടരുന്നു

തിരുവനന്തപുരം: രാജ്യസഭ സീറ്റിന് ഇടത് മുന്നണിയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും അവകാശമുന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള പോംവഴിയെപ്പറ്റി എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കുന്നത് ആലോചനയിലാണ്.

കൂടാതെ 2027 ല്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം ഉറപ്പു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മൂന്നംഗങ്ങളുടെ ഒഴിവാണ് ജൂലൈ ഒന്നിന് ഉണ്ടാകുന്നത്. സിപിഎമ്മിലെ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരാണ് വിരമിക്കുന്നത്.

ഇതില്‍ നിയമസഭയിലെ കക്ഷിബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയിക്കാനാകും. ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫില്‍ ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും രംഗത്തു വന്നിട്ടുള്ളത്. ഇവര്‍ക്ക് പുറമേ എന്‍സിപിയും ആര്‍ജെഡിയും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

എന്തായാലും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. എന്നാല്‍ സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.