ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരിയാകാന്‍ ഗോപീചന്ദ്; ന്യൂ ഷെപ്പേഡ് 25 വിക്ഷേപണം ഇന്ന്

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരിയാകാന്‍ ഗോപീചന്ദ്; ന്യൂ ഷെപ്പേഡ് 25 വിക്ഷേപണം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാന്‍ പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപിചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യൂ ഷെപ്പേഡ് 25 ലേക്ക്(എന്‍.എസ്-25) തെരഞ്ഞെടുക്കപ്പെട്ട ഗോപിചന്ദ് ഇന്ന് യാത്ര തിരിക്കും.

അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴിനാണ് വിക്ഷേപണം. ഗോപീചന്ദിന് പുറമെ 90 കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി ദൗത്യത്തില്‍ ഉണ്ട്.

1984 ല്‍ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ സഞ്ചാരി റിട്ട. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാകും ഗോപിചന്ദ്. പൈലറ്റും യു.എസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസര്‍വ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ്.

ഫ്ളോറിഡയിലെ എംബ്രിറിഡില്‍ സര്‍വകലാശാലയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത അദേഹം ഇന്ത്യയില്‍ എയര്‍ ആംബുലന്‍സ് സര്‍വീസും നടത്തിയിരുന്നു.

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപിചന്ദ് തോട്ടകുര ജനിച്ചത്. വളരെ ചെറുപ്പം മുതല്‍ തന്നെ ആകാശത്തോടും പറക്കലിനോടും അഭിനിവേശമുണ്ടായിരുന്നയാളാണ് ഗോപിചന്ദ്.

ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പ് തന്നെ വിമാനം പറത്താനാണ് ഗോപീചന്ദ് പഠിച്ചത്. സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപീചന്ദ് വിദഗ്ധനാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.