രാസലഹരി നിര്‍മാണം, ഗൂഗിള്‍പേ വഴി വിപണനം; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കൊച്ചിയില്‍ പിടിയില്‍

രാസലഹരി നിര്‍മാണം, ഗൂഗിള്‍പേ വഴി വിപണനം; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാള്‍ പോലീസ് പിടിയില്‍. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബംഗളൂരുവിലെ മടിവാളയില്‍ നിന്ന് പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരു മൈക്കോ പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന റെംഗാര പോള്‍ 2014 ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. പിന്നീട് ഇയാള്‍ പഠിക്കാന്‍ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിര്‍മിക്കാനും തുടങ്ങി. ഈ നിര്‍മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

കേരളത്തിലേക്കെത്തുന്ന രാസലഹരിയില്‍ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പന നടത്തിയിട്ടുള്ളത്. ഗൂഗിള്‍ പേ വഴി തുക അയച്ചുകൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷന്‍ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരന്‍ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോണ്‍ വഴി ഇയാളെ ബന്ധപ്പെടാന്‍ സാധിക്കില്ല.

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിന്‍ എന്നയാളെ അങ്കമാലിയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.