എൻ എസ്-25 ക്രൂ: ചിത്രം ഇടത്തുനിന്ന് വലത്തോട്ട്: ഗോപി തോട്ടക്കുര, മേസൺ ഏഞ്ചൽ, കരോൾ ഷാലർ, എഡ് ഡ്വിറ്റ്, കെൻ ഹെസ്, സിൽവെയിൻ ചിറോൺ.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ആന്ധ്രാ സ്വദേശിയും വ്യവസായിയും പൈലറ്റുമായ ഗോപിചന്ദ് തോട്ടക്കുര. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ എന്‍.എസ്-25 ദൗത്യത്തില്‍ പങ്കാളിയായ അദ്ദേഹം ഉള്‍പ്പെടെ ആറംഗസംഘം ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി സുരക്ഷിതമായി തിരിച്ചെത്തി.
ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മണിക്കാണ് ബ്ലൂ ഒറിജിന്‍ ലോഞ്ച് ചെയ്തത്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിര്‍ത്തിയായ കാര്‍മന്‍ ലൈനിലേക്കായിരുന്നു ഇവരുടെ യാത്ര. 11 മിനുട്ട് കൊണ്ട് യാത്ര പൂര്‍ത്തിയായി. സമുദ്രനിരപ്പില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലാണ് കാര്‍മന്‍ ലൈന്‍ സ്ഥിതി ചെയ്യുന്നത്. മേസണ്‍ ഏഞ്ചല്‍, സില്‍വെയ്ന്‍ ചിറോണ്‍, കെന്നത്ത് എല്‍. ഹെസ്, കരോള്‍ ഷാലര്‍, മുന്‍ എയര്‍ഫോഴ്‌സ് ക്യാപ്റ്റന്‍ 90കാരനായ എഡ് ഡ്വിറ്റ് എന്നിവരായിരുന്നു ഈ ദൗത്യത്തിലെ മറ്റു യാത്രികര്‍.
ഡ്രൈവിങ് പഠിക്കും മുമ്പേ വിമാനം പറത്താന്‍ പഠിച്ചയാളാണ് ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച ഗോപിചന്ദ് തോട്ടക്കുര. അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ആഗോള വെല്‍നസ് സെന്ററായ പ്രിസര്‍വ് ലൈഫ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനാണ് അദ്ദേഹം. സഞ്ചാരി കൂടിയായ ഗോപിചന്ദ് അടുത്തിടെ കിളിമഞ്ചാരോ പര്‍വതത്തിന്റെ കൊടുമുടിയില്‍ കയറിയിരുന്നു.
ബ്ലൂ ഒറിജിന്‍ അതിന്റെ ഏഴാമത്തെ മനുഷ്യ ബഹിരാകാശ യാത്രയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്നത്തെ ക്രൂ ഉള്‍പ്പെടെ 37 പേരെ ന്യൂ ഷെപ്പേര്‍ഡ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിനും ബഹിരാകാശത്തിനും ഇടയിലുള്ള കാര്‍മന്‍ രേഖയ്ക്ക് മുകളില്‍ എത്തിച്ചിട്ടുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനായി ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച പൂര്‍ണമായും പുനരുപയോഗിക്കാവുന്ന സബ്-ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് ന്യൂ ഷെപ്പേര്‍ഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.