അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

 അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസന്‍കുട്ടി-ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച് ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്.

മെയ് 13 നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോള്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നേരത്തേ പനിയും മറ്റു അസുഖങ്ങളും അനുഭവപ്പെട്ട കുട്ടി ചെമ്മാട്ടെ രണ്ട് സ്വകാര്യ ക്ലിനിക്കുകളിലും പിന്നീട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്താണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നത്. കടലുണ്ടി പുഴയുടെ മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ കുളിച്ച ബാലികക്ക് ഇവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. അതേസമയം രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കുറവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.