ആറാംഘട്ട വോട്ടെടുപ്പ് പു​രോ​ഗമിക്കുന്നു; രാഷ്ട്രപതിയടക്കം പ്രമുഖർ വോട്ട് ചെയ്തു

ആറാംഘട്ട വോട്ടെടുപ്പ് പു​രോ​ഗമിക്കുന്നു; രാഷ്ട്രപതിയടക്കം പ്രമുഖർ വോട്ട് ചെയ്തു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പുരോഗമിക്കുന്നു. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രപ​തി ദ്രൗപതി മുർമുവും വോട്ട് ചെയ്തു. ഡൽഹിയിലെ നിർമൻ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അമ്മയും മകനും ചേർന്ന് പോളിങ് ബൂത്തിന് പുറത്ത് നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന്റെ ഭാഗമാകുന്ന എല്ലാ വോട്ടർമാരും തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്ത് ജനാധിപത്യ പ്രക്രിയയിലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർഥിച്ചു.‘‘ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക. ജനാധിപത്യം മുന്നോട്ട് കുതിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾ അതിൽ സജീവമായി ഇടപെടുമ്പോഴാണ്. സ്ത്രീ വോട്ടർമാരോടും യുവാക്കളോടും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ പ്രത്യേകം അഭ്യർഥിക്കുന്നു.’’ -പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനത്തോട് അടുക്കുമ്പോൾ, എട്ട് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 58 സീറ്റുകളിലേക്കുള്ള 889 സ്ഥാനാർത്ഥികളുടെ വിധിയാണ് മുദ്രകുത്തപ്പെടുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും. അവസാനത്തെ ഏഴാം ഘട്ടത്തിൽ 57 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്.

ഹരിയാനയിലെ ശേഷിക്കുന്ന 10 സീറ്റുകളിലും, ഡൽഹിയിലെ ഏഴ് സീറ്റുകളിലും, ജമ്മു കശ്മീരിലെ അഞ്ച് സീറ്റുകളുടെ അവസാനഘട്ട വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. അനന്ത്നാഗ് - രജൗരിയിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ നിന്ന് ആറാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഈ 58 സീറ്റുകളിൽ ഒന്നിലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ബിജെപി 40 സീറ്റുകൾ നേടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.