ലണ്ടന്‍: ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ മേയറായി കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല സ്ഥാനമേറ്റു. ഒരു വര്‍ഷമായി കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു കഠിന പ്രയത്‌നത്തിലൂടെയാണ് കേംബ്രിഡ്ജ് നഗരത്തിന്റെ നഗരപിതാവ് എന്ന പദവിയിലേക്ക് എത്തുന്നത്.
ഡെപ്യുട്ടി മേയറായതോടെ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ട പദവി ആണെങ്കിലും ബ്രിട്ടീഷ് വംശജര്‍ക്ക് ആധിപത്യമുള്ള കൗണ്‍സിലില്‍ മലയാളി മേയര്‍ ആകുന്നു എന്നത് യുകെ മലയാളികള്‍ക്ക് മാത്രമല്ല പ്രവാസി മലയാളി സമൂഹത്തിനു തന്നെ അഭിമാന നിമിഷം കൂടിയാണ്.
ബൈജു വര്‍ക്കി മേയര്‍ ആയതോടെ ചുരുങ്ങിയത് ഈ പദവിയില്‍ എത്തുന്ന എട്ടാമത്തെ മലയാളി എന്ന നേട്ടവും മലയാളി സമൂഹത്തിനു സ്വന്തമാകുകയാണ്.
യുകെയില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ബൈജു 2008 ല്‍ കേംബ്രിഡ്ജ് റീജണല്‍ കോളജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് 2013-ല്‍ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയില്‍ നിന്ന് എംപ്ലോയ്മെന്റ് ലോയില്‍ ഉന്നത ബിരുദവും നേടി. 2018 ല്‍ ആദ്യമായി കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടന്‍ വാര്‍ഡില്‍ നിന്ന് ലേബര്‍ ടിക്കറ്റില്‍ കൗണ്‍സിലറായി വിജയിച്ചു. പൊതുരംഗത്ത് സജീവമായ ബൈജു, തൊഴിലിടങ്ങളില്‍ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്.
അറിയപ്പെടുന്ന ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്റര്‍ കൂടിയാണ് ബൈജു. കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചന്‍-ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജില്‍ നഴ്സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആന്‍സി കോട്ടയം മുട്ടുചിറ മേലുകുന്നേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ഥികളായ അന്ന, അലന്‍, അല്‍ഫോന്‍സ എന്നിവര്‍ മക്കളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.