തന്ത്രങ്ങള്‍ പാളി ഹൈദരാബാദ്; ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത

തന്ത്രങ്ങള്‍ പാളി ഹൈദരാബാദ്; ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും വിരസമായ ഫൈനല്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം. ഇത് മൂന്നാം വട്ടമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയ 114 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തങ്ങളുടെ നായകന്‍ കമ്മിന്‍സിന്റെ തീരുമാനം പാളിയെന്ന് കാണിക്കുന്ന രീതിയില്‍ തന്നെ ആയിരുന്നു ഹൈദരാബാദിന്റെ ബാറ്റിങ്. സ്പിന്നിനെ നല്ല രീതിയില്‍ അനുകൂലിക്കുന്നതാണ് ചെന്നൈ ട്രാക്ക്. സാധാരണ പെരുമാറുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെട്ട ട്രാക്ക് തുടക്കത്തില്‍ നല്ല സ്വിങ്ങ് ഫാസ്റ്റ് ബോളര്‍മാര്‍ക്ക് നല്‍കി.

ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ അപകടകാരിയായ അഭിഷേക് ശര്‍മ്മയെ(2) വീഴ്ത്തി സ്റ്റാര്‍ക്ക് കൊല്‍ക്കത്ത ആഗ്രഹിച്ച തുടക്കം നല്‍കി. തൊട്ടടുത്ത ഓവറില്‍ മറ്റൊരു വെടിക്കെട്ട് വീരന്‍ ഹെഡിനെ റണ്‍ ഒന്നും എടുക്കാതെ മടക്കി വൈഭവ് അറോറയും മികവ് കാണിച്ചു.

കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ച രാഹുല്‍ ത്രിപാഠി ഐഡന്‍ മക്രാം സഖ്യം പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ച സമയത്ത് ത്രിപാഠിയെ (9) മടക്കി സ്റ്റാര്‍ക്ക് പിന്നെയും പ്രഹരം ഏല്‍പ്പിച്ചു. പിന്നെ കണ്ടത് ഡ്രസിങ് റൂമിലേക്കുള്ള മാര്‍ച്ച് ആയിരുന്നു.

ഇതിനിടയില്‍ ഐഡന്‍ മക്രാത്തെ (20) മടക്കി റസലും നിടീഷ് റെഡ്ഡിയെ (13) മടക്കി ഹര്‍ഷിത് റാണയും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലേക്ക് കയറി. ഒരു ഫൈനല്‍ മത്സരത്തിന്റെ യാതൊരു ആവേശവും നല്‍കാതെ ബൗണ്ടറിയും സിക്‌സുമൊക്കെ വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസമായി.

അതിനിടയില്‍ ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസന്‍ (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം.

ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു. 24 റണ്‍സ് എടുത്ത കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ എന്നതിലുണ്ട് ഹൈദരാബാദിന്റെ അവസ്ഥ. കൊല്‍ക്കത്തക്കായി റസല്‍ മൂന്നും ഹര്‍ഷിത് സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈഭവ്, നരൈന്‍, വരുണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയും തിളങ്ങി.

രണ്ടാം പാദത്തില്‍ കൊല്‍ക്കത്തയുടെ മറുപടിയും വേഗത്തിലായിരുന്നു. ആദ്യ പന്ത് മുതല്‍ ആക്രമിച്ച അവര്‍ക്ക് ലക്ഷ്യം വ്യക്തമായിരുന്നു. തുടക്കത്തില്‍ വമ്പനടിക്ക് ശ്രമിച്ച് സുനില്‍ നരൈന്‍ (6) കമ്മിന്‍സിന് ഇരയായി മടങ്ങിയെങ്കിലും ക്രീസില്‍ ഉറച്ച വെങ്കിടേഷ് അയ്യരും ഗുര്‍ബാസും ചേര്‍ന്ന് കൊല്‍ക്കത്ത റണ്‍ ചെയ്സ് വേഗത്തിലാക്കി.

തന്നെ കുറേ നാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് ഉള്‍പ്പടെ ഒഴിവാക്കിയ വാശിയില്‍ കളിച്ച വെങ്കിയുടെ ബാറ്റില്‍ നിന്ന് റണ്‍ യദേഷ്ടം ഒഴുകി. ഗുര്‍ബാസും വെങ്കിയും ചേര്‍ന്ന് എല്ലാ ഹൈദരാബാദ് ബോളര്‍മാരെയും പ്രഹരിച്ചു. ഭുവിയും കമ്മിന്‍സും നടരാജനും എല്ലാം ഉത്തരമില്ലാതെ പാഞ്ഞപ്പോള്‍ അര്‍ഹിച്ച ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

ഇതിനിടയില്‍ 39 റണ്‍ എടുത്ത് ഗുര്‍ബസിനെ ഷഹബാസ് മടക്കിയപ്പോള്‍ തന്നെ കൊല്‍ക്കത്ത ജയം ഉറപ്പിച്ചിരുന്നു. അവസാനം ആറ് റണ്‍ എടുത്ത ശ്രേയസ് അയ്യരെ സാക്ഷിയാക്കി 52 റണ്‍ നേടിയ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.