'വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല'; വിശദീകരണവുമായി ദുബായിലെ കമ്പനി

 'വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല'; വിശദീകരണവുമായി ദുബായിലെ കമ്പനി

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ദുബായിലെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്.

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി യുഎഇയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇരുവരും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തങ്ങളുടെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. പേ റോളിലോ, മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയന്‍, എം. സുനീഷ് എന്നിവര്‍ ഇല്ല. യുഎഇ, സൗദി ആറേബ്യ, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ തങ്ങളുടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ബംഗളൂരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളത്.

400 ജീവനക്കാരുള്ള കമ്പനിയാണിത്. കമ്പനിക്ക് യുഎഇയില്‍ മൂന്ന് ഓഫീസുകളുണ്ട്. 2013 ല്‍ ഷാര്‍ജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. തങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകള്‍ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു. ആറ് മാസമായി വിവാദത്തെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ട്. നിയമ നടപടികള്‍ സംബന്ധിച്ചു ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.

വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അബുദാബിയിലെ കൊമേഴ്‌സ്യല്‍ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന മേല്‍വിലാസത്തിലാണ് അക്കൗണ്ടെന്നായിരുന്നു ആരോപണം. വീണയും മുന്‍ ബന്ധു എം. സുനീഷുമാണ് അക്കൗണ്ട് ഉടമകളെന്നും ഷോണ്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.