മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈനില്‍; പ്രവാസി സംഗമം ഇന്ന്

 മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈനില്‍; പ്രവാസി സംഗമം ഇന്ന്

മനാമ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനിലെത്തി. ഇന്ന് വൈകുന്നേരം 6:30 ന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന മലയാളി പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായ ശേഷം രണ്ടാം തവണയാണ് പിണറായി വിജയന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.

മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് സംഗമം. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ. ജേക്കബ്, മന്ത്രി സജി ചെറിയാന്‍, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രാദേശിക സമയം ബുധനാഴ്ച അര്‍ധരാത്രി 12:40 ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മളസ്വീകരണമാണ് ലഭിച്ചത്. വ്യവസായി വര്‍ഗീസ് കുര്യന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ പി. ശ്രീജിത്ത്, സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ലോക കേരളസഭാംഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഒമാന്‍, ഖത്തര്‍, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഡിസംബര്‍ ഒന്നുവരെ വിവിധ ഇടവേളകളില്‍ സന്ദര്‍ശിക്കും. ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി ഈ മാസം 24, 25 തിയതികളില്‍ ഒമാന്‍ സന്ദര്‍ശിക്കും. നവംബര്‍ ഒന്‍പതിനാണ് യുഎഇ സന്ദര്‍ശനം.

അതേസമയം സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.