ബംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ജെഡിഎസിന്റെ ഹാസനിലെ സിറ്റിംങ് എംപിയും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജൂണ്‍ ആറ് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ പ്രജ്ജ്വല്‍ അറസ്റ്റിലാകുന്നത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
പ്രജ്ജ്വലിന്റെ വരവ് പ്രതീക്ഷിച്ച് അന്വേഷണസംഘം വിമാനത്താവളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ജൂണ്‍ ആറ് വരെയാണ് കസ്റ്റഡി അനുവദിച്ചത്.
ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നത്. ഏപ്രില്‍ 27 ന് രാജ്യം വിട്ട പ്രജ്ജ്വല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്.
മൂവായിരത്തോളം അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഹാസനിലേതുള്‍പ്പെടെ സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ഏപ്രില്‍ 26 ന് അര്‍ധ രാത്രിയാണ് പ്രജ്ജ്വല്‍ വിദേശത്തേക്ക് കടന്നത്. ഇതിനൊപ്പമാണ് അശ്ലീല വീഡിയോ കേസിന്റെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് അന്വേഷണ സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് വിദേശ യാത്ര നടത്തിയത്. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റും ഒപ്പം ബുക്ക് ചെയ്തെങ്കിലും കേസ് ശക്തമായതിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. തുടര്‍ന്ന് പ്രജ്ജ്വലിനെ തിരികെയെത്തിക്കാന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.