വകുപ്പ് വിഭജനം: എന്‍ഡിഎയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു; ഇന്ന് നിര്‍ണായകം

വകുപ്പ് വിഭജനം: എന്‍ഡിഎയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു; ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി: എന്‍ഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു. ഘടക കക്ഷികള്‍ക്കുള്ള വകുപ്പുകളില്‍ ഇന്ന് തീരുമാനമായേക്കും.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.

മൂന്നാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി സമവായത്തില്‍ എത്തിയിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട വകുപ്പുകളിലാണ് രണ്ട് പാര്‍ട്ടികളും നോട്ടമിട്ടിരിക്കുന്നത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിക്ക് പറമെ, സ്പീക്കര്‍ സ്ഥാനം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളും ടിഡിപിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തില്‍ ജെഡിയുവും അവകാശം ഉന്നയിച്ചു.

സഹമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് നിതീഷ് കുമാറിന്റെ ആവശ്യം. കൂടാതെ ബീഹാറിന് പ്രത്യേക പദവിയും. നിതീഷ് കുമാറുമായി അശ്വിനി വൈഷ്ണവും ചന്ദ്രബാബു നായിഡുവായി പീയൂഷ് ഗോയലും ചര്‍ച്ചകള്‍ നടത്തും. ഘടക കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയായാല്‍ ഉടന്‍ ബിജെപി മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കും.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഡല്‍ഹിയിലുണ്ട്. വിവിധ നേതാക്കളുമായി സുരേഷ് ഗോപി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. സുരേഷ്‌  ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നു എന്ന സൂചനയും പുറത്തു വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.