മോഡിയുടെ മൂന്നാം ഊഴം; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളായി: അതീവ സുരക്ഷയിൽ തലസ്ഥാനം

മോഡിയുടെ മൂന്നാം ഊഴം; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളായി: അതീവ സുരക്ഷയിൽ തലസ്ഥാനം

ന്യൂഡൽഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്യ തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. നാളെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഈ സാഹചര്യത്തിൽ രാജ്യത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കമ്പനി അർധസൈനികർ, എൻഎസ്ജി കമാൻഡോകൾ, ഡ്രോണുകൾ, സ്‌നൈപ്പർമാർ എന്നിവരടങ്ങുന്ന ബഹുതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് അവരുടെ ഹോട്ടലുകളിൽ നിന്ന് വേദിയിലേക്കും തിരിച്ചും പ്രത്യേക റൂട്ടുകൾ നൽകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങിൽ ഉള്ളതിനാൽ കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷയാകും രാജ്യത്ത്.

പ്രമുഖരുടെ റൂട്ടുകളിൽ സ്‌നൈപ്പർമാരെയും സായുധ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും, ദേശീയ തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഡ്രോണുകൾ വിന്യസിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഇവർക്കായി നഗരത്തിലെ ലീല, താജ്, ഐടിസി മൗര്യ തുടങ്ങിയ ഹോട്ടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഹോട്ടലുകളിലും വൻ സുരക്ഷ സന്നാഹമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.