ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം നടക്കാനിരിക്കെ മഴ ആശങ്കയില്‍ ആരാധകര്‍. നിലവില്‍ ലോകകപ്പിലെ ചില മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയതോടെ ഉപേക്ഷിച്ചിരുന്നു. നാളെ ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാക് പോരാട്ടം. പുറത്തു വരുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ 51 ശതമാനമാണ് മഴയ്ക്ക് സാധ്യത പറയുന്നത്. മത്സരം തുടങ്ങി അര മണിക്കൂര്‍ പിന്നിടുമ്പോള്‍ മഴ പെയ്യുമെന്നാണ് പ്രവചനം.
മഴ പെയ്ത് മത്സരം നിര്‍ത്തിയാല്‍ അധിക സമയം കണ്ടു വച്ചിട്ടുണ്ട്. പക്ഷെ മഴ നിര്‍ത്താതെ പെയ്താല്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. അപ്പോള്‍ ഓരോ പോയിന്റുകള്‍ ഇരു ടീമുകള്‍ക്കുമായി പങ്കിട്ടു നല്‍കും.
ഇന്ത്യയേക്കാള്‍ മത്സരം സുപ്രധാനം പാകിസ്ഥാനാണ്. യുഎസ്എയോടു ഞെട്ടിക്കുന്ന തോല്‍വി നേരിട്ടതിനാല്‍ ടീമിന് വിജയം അനിവാര്യമാണ്. മഴ മുടക്കി പോയിന്റ് പങ്കിട്ടാലും നഷ്ടം പാകിസ്ഥാന് തന്നെ.
അതേസമയം ഇന്ത്യ ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഞെട്ടി നില്‍ക്കുകയാണ്. അമേരിക്ക തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. യുഎസ്എയുടെ രണ്ട് വിജയങ്ങള്‍ ഗ്രൂപ്പിന്റെ സമവാക്യങ്ങളും മാറ്റുകയാണ്.
പാകിസ്ഥാനാണ് ഇക്കാര്യത്തില്‍ പെട്ടിരിക്കുന്നത്. അവര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യുഎസ്എ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാല്‍ തന്നെ പാകിസ്ഥാന് ജീവന്‍ മരണ പോരാട്ടമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.