ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹമാസ്; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹമാസ്; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹമാസ്. ഇതോടെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായി. ഹമാസിന്റെ ആവശ്യങ്ങളില്‍ ചിലത് പ്രായോഗികമല്ലെന്നും എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി ബ്ലിങ്കന്‍.

മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം ഖത്തറിലെത്തിയിരുന്നു. ഹമാസിന്റെ ചില ആവശ്യങ്ങള്‍ മുന്‍ ചര്‍ച്ചകളില്‍ പരിഗണിച്ചിരുന്നെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. നിര്‍ദേശത്തിന് യു.എന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇസ്രയേല്‍ നിര്‍ദ്ദേശം അംഗീകരിച്ചെന്നും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

പന്ത്രണ്ട് ദിവസം മുമ്പാണ് ഇസ്രായേലിന്റെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ചത്. ഇതിന് കഴിഞ്ഞ ദിവസമാണ് ഹമാസ് മറുപടി നല്‍കിയത്.

'ഹമാസിന് ഒറ്റവാക്കില്‍ സമ്മതം നല്‍കാമായിരുന്നു: അതിനു പകരം, രണ്ടാഴ്ചയോളം കാത്തിരിക്കുകയും നിരവധി മാറ്റങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോള്‍ തീരുമാനത്തിനുള്ള സമയമാണ്. ഇത് എത്രത്തോളം വൈകുന്നുവോ അത്രയും കൂടുതല്‍ ആളുകള്‍ കഷ്ടപ്പെടും. പ്രസിഡന്റ് ബൈഡന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് പ്രതികരണം ലഭിക്കാന്‍ 12 ദിവസമെടുത്തപ്പോള്‍, ആ പന്ത്രണ്ട് ദിവസങ്ങളില്‍ ജനം കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

ഹമാസ് നീക്കം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്നും അവരുടെ നിര്‍ദേശങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കരാറില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹമാസ് രംഗത്തെത്തിയത്.

വെടിനിര്‍ത്തല്‍ പ്രമേയം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അംഗീകരിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തില്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കും. സ്ഥിരമായ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.