നീറ്റ് ക്രമക്കേട്: പിന്നില്‍ സോള്‍വര്‍ ഗ്യാങ്ങെന്ന് സൂചന; വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയത് 30 ലക്ഷം

 നീറ്റ് ക്രമക്കേട്: പിന്നില്‍ സോള്‍വര്‍ ഗ്യാങ്ങെന്ന് സൂചന; വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയത് 30 ലക്ഷം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യ പേപ്പര്‍ ചോര്‍ച്ചയും നിരവധി വിദ്യാര്‍ഥികളുടെ സ്വപ്നമാണ് തകര്‍ത്തത്. പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥികളും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. പക്ഷെ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന മട്ടിലാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായത്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികകളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന സാഹചര്യമാണ്.

ലക്ഷങ്ങള്‍ കൊടുത്താണ് വിദ്യാര്‍ഥികള്‍ ചോദ്യപേപ്പര്‍ സ്വന്തമാക്കിയിട്ടുള്ളത്. സോള്‍വര്‍ ഗ്യാങ് എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പരീക്ഷയില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തിയതായി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ യൂണിറ്റ് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിനായി 30 ലക്ഷം വരെ മുടക്കിയതായി പ്രതികളുടെ കുറ്റസമ്മത മൊഴിയിലുണ്ട്.

ഒമ്പത് പരീക്ഷാര്‍ഥികളെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 14 പേരെയാണ് അന്വേഷണ സംഘം ബിഹാറില്‍ അറസ്റ്റ് ചെയ്തത്. ബിഹാര്‍ സര്‍ക്കാറിലെ ജൂനിയര്‍ എന്‍ജിനീയറായ സിക്കന്ദര്‍ കുമാറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

പാട്‌നയില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുന്ന നിതീഷ്, അമിത് ആനന്ദ് എന്നിവര്‍ മുഖേനെയാണ് ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാകുന്നത്. സിക്കന്ദര്‍ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാണുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയുമായിരുന്നു.

മെയ് നാലിനാണ് അമിതിനും നിതീഷിനും ചോദ്യപേപ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് പാട്‌നയിലെ രാമകൃഷ്ണ നഗറിലുള്ള വീട്ടിലേക്ക് ഇവര്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ നല്‍കി. അന്ന് വിദ്യാര്‍ഥികളെ ഈ വീട്ടില്‍ താമസിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തറിയുമോ എന്ന ഭയത്താല്‍ ഇവരെ അടുത്ത ദിവസം അമിതും നിതീഷുമാണ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്.

അമിതിനെയും നിതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പറിനായി ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 30 മുതല്‍ 32 ലക്ഷം വരെ വാങ്ങിയതായി ഇവര്‍ കുറ്റസമ്മതം നടത്തി. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ടീച്ചര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിതീഷ് നേരത്തേ അറസ്റ്റിലായിരുന്നു. അതിനാല്‍ തന്നെ ബിഹാറിലെ നളന്ദയിലുള്ള സഞ്ജീവ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാകും ഇതിന്റെയും പിന്നിലെന്നാണ് സംശയിക്കുന്നത്.

വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളും കോച്ചിങ് സെന്ററുകളും വഴിയാണ് ഇവര്‍ വിദ്യാര്‍ഥികളെ ബന്ധപ്പെടുന്നത്. അറസ്റ്റിലായ ആനന്ദ് പാട്‌നയില്‍ അനധികൃത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന സംഘം ഗുജറാത്തിലും പിടിയിലായിട്ടുണ്ട്. ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്നായി 12 കോടിയോളം രൂപയാണ് വാങ്ങിയത്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതാതെ വിടുകയും അവ പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ പൂരിപ്പിക്കുകയുമാണ് ചെയ്യുക.

അതേസമയം പരീക്ഷയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രണ്ട് ദിവസത്തെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 19, 20 തിയതികളിലാണ് സമരം. വീണ്ടും പരീക്ഷ നടത്തണമെന്നും ക്രമേക്കുടകളില്‍ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

67 വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതോടെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. ഉന്നത മാര്‍ക്ക് ലഭിച്ചവരില്‍ പലരും ഹരിയാനയിലെ ഒരേ സെന്ററില്‍ പരീക്ഷ എഴുതിയവരാണ്. കൂടാതെ ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും ക്രമക്കേടുണ്ട്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.