പ്രധാനമന്ത്രി ആന്റണി അല്‍ബനീസി, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയാ ഉപയോഗം നിരോധിക്കാനുള്ള ഫെറഡല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിക്കുന്നു. 16 വയസിന് താഴെയുള്ളവരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. സമീപകാലത്ത് സിഡ്‌നിയിലെ ഒരു പള്ളിയിലും പെര്‍ത്തിലും നടന്ന തീവ്രവാദപ്രേരിതമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ നാനഭാഗങ്ങളില്‍ നിന്ന് പിന്തുണയേറുന്നുണ്ട്.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ 100 ദിവസത്തിനകം നിരോധനം നടപ്പാക്കുമെന്ന് അദ്ദേഹം ഒരു പടികൂടി കടന്ന് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ നീക്കങ്ങള്‍ വേഗത്തിലായി.
സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഫെഡറല്‍ സര്‍ക്കാര്‍. കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും പങ്കുവയ്ക്കുന്ന ആശങ്കകളും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനും അക്കൗണ്ടുകള്‍ തുറക്കാനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കാനുമുള്ള ക്യാമ്പയ്‌നെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായി ഫെഡറല്‍ ഗവണ്‍മെന്റ് 6.5 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ അനുവദിക്കുകയും ചെയ്തു.
അതേസമയം, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ പ്രായ പരിശോധനാ പ്രക്രിയകള്‍ നടപ്പാക്കുമ്പോള്‍ അത് കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്.
'മാനസികാരോഗ്യത്തിന് ഗുരുതര ഭീഷണി'
യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അടുത്തിടെ സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ആഘാതം ഗുരുതരമാണെന്നും സോഷ്യല്‍ മീഡിയയില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദം അധികമാണെന്നും മാനസികാരോഗ്യമുള്ള ഒരു തലമുറയ്ക്ക് വിവിധ കായിക ഇനങ്ങളിലും മറ്റ് വിനോദ പരിപാടികളിലും പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. റേഡിയോ പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്നവരെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും എന്നതിനാല്‍ നിരന്തരം കുട്ടികളുടെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടും നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകള്‍ക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പണമുണ്ടാക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിന്തുണച്ച് പ്രീമിയര്‍മാരും
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16 ആക്കണമെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സിന്റെ അഭിപ്രായം. 14 വയസിന് താഴെയുള്ളവര്‍ക്ക് സമൂഹ മാധ്യമ നിരോധനവും 16 വയസിന് താഴെയുള്ളവര്‍ക്ക് രക്ഷാകര്‍തൃ അനുമതിയും വേണമെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയര്‍ പീറ്റര്‍ മലിനൗസ്‌കാസ് ആവശ്യപ്പെടുന്നത്.
അതേസമയം, സംസ്ഥാന തലത്തില്‍ അത് നടപ്പാക്കാന്‍ കഴിയുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും രാജ്യം മുഴുവന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ക്രിസ് മിന്‍സ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ യഹൂദവിരുദ്ധതയും വംശീയതയും ആക്രമണങ്ങളും വളര്‍ത്തുകയാണെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കുറഞ്ഞ പ്രായം പതിനാറായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കാമ്പെയ്ന്‍ നടത്തുകയാണ് നോവ റേഡിയോ അവതാരകന്‍ മൈക്കല്‍ വിപ്ഫ്‌ലിയും പ്രൊഡക്ഷന്‍ കമ്പനിയായ ഫിഞ്ചിന്റെ ചീഫ് എക്സിക്യൂട്ടീവായ റോബ് ഗല്ലുസോയും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ക്യാമ്പെയന് പിന്തുണ ലഭിക്കുന്നുണ്ട്.
പ്രായോഗിക വെല്ലുവിളികള്‍ ഏറെ
അതേസമയം, കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയാ ഉപയോഗം വിലക്കുന്നത് പ്രായോഗികമായി എങ്ങനെ നടപ്പാക്കും എന്ന ചോദവും ഉയരുന്നുണ്ട്. പ്രായപരിധി ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ലോകത്തെവിടെയും വിജയകരമായി നടപ്പാക്കിയിട്ടില്ല എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ ഒരാള്‍ക്ക് 13 വയസുണ്ടായിരിക്കണം. ഇത് സ്വയം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ വ്യാജ ജനനത്തീയതി നല്‍കി എളുപ്പം പ്രവേശിക്കാന്‍ കഴിയും.
അതേസമയം, ജനനത്തീയതി നല്‍കുന്നതിനപ്പുറം പ്രായം ഉറപ്പാക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന്റെ അപകടസാധ്യതകളാണ് ഡിജിറ്റല്‍ റൈറ്റ്സ് വാച്ച് പോളിസി തലവനായ സാമന്ത ഫ്‌ളോറേനി പങ്കുവയ്ക്കുന്നത്.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ പ്രായ പരിശോധനാ പ്രക്രിയകള്‍ നടപ്പാക്കുമ്പോള്‍ അത് സ്വകാര്യതയ്ക്ക് ഗുരുതരമായ ഭീഷണികള്‍ ഉയര്‍ത്തുന്നു. ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കുട്ടികളും യുവാക്കളും പങ്കാളികളാകേണ്ടതുണ്ടെന്നും അത് തടയാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ദോഷം ചെയ്യുണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
16 വയസു വരെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും തടയാന്‍ ശ്രമിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമല്ലെന്നും അത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും അവര്‍ പറഞ്ഞു.
ഉചിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിമര്‍ശനാത്മക ചിന്തയും ഡിജിറ്റല്‍ സാക്ഷരതയും അനിവാര്യമാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സോഷ്യല്‍ മീഡിയ ടൂളുകളെക്കുറിച്ചും അവയുടെ സുരക്ഷാ രീതികളെക്കുറിച്ചും അറിവുണ്ടാകണം. കുടുംബങ്ങളുടെ പിന്തുണ ഈ നീക്കങ്ങള്‍ക്ക് അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.