ട്വന്റി-20 ലോകകപ്പ്: സൂപ്പര്‍ എട്ട് മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ്

ട്വന്റി-20 ലോകകപ്പ്: സൂപ്പര്‍ എട്ട് മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ്

ഗ്രോ ഐലറ്റ്: സ്വന്തം തട്ടകത്തില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടില്‍ നിന്ന് എട്ട് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങിന് പരിക്കേറ്റ് മടങ്ങേണ്ടി വന്ന മത്സരത്തില്‍ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്ത്

നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ടിന്റെ ചേസിംഗിനെ ചെറുക്കാനായില്ല. എട്ട് വിക്കറ്റുകളും 15 പന്തുകളും ബാക്കിനില്‍ക്കേ അവര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 47 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്‌സുമടക്കം പുറത്താകാതെ 87 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് വിജയശില്‍പ്പി. 26 പന്തുകളില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയുടെ പിന്തുണയും സാള്‍ട്ടിനുണ്ടായിരുന്നു.

പ്രാഥമിക റൗണ്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു. ബ്രാന്‍ഡന്‍ കിംഗും (23 റിട്ട.ഹര്‍ട്ട്), ജോണ്‍സണ്‍ ചാള്‍സും (38) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 40ല്‍ നില്‍ക്കേ കിംഗിന് പരിക്കേറ്റ് മടങ്ങേണ്ടിവന്നു.തുടര്‍ന്ന് നിക്കോളാസ് പുരാന്‍(36), റോവ്മാന്‍ പവല്‍ (36),റൂതര്‍ഫോഡ് (28) എന്നിവരുടെ കൂട്ടായ പരിശ്രമത്തോടെ 180/4 എന്ന സ്‌കോറിലെത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് നായകനും ഓപ്പണറുമായ ജോസ് ബട്ട്ലറെ (25) എട്ടാം ഓവറില്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചു നീങ്ങിയത് ആവേശമായി. പിഞ്ച് ഹിറ്ററായി ഇറങ്ങിയ മൊയീന്‍ അലി (13) 11ാം ഓവറില്‍ മടങ്ങിയതിന് ശേഷമിറങ്ങിയ ബെയര്‍‌സ്റ്റോയും ഒപ്പം കൂടിയതോടെ കളി ഇംഗ്‌ളീഷുകാരുടെ കയ്യിലേക്ക് വന്നു. തുടര്‍ന്നുള്ള 44 പന്തുകളില്‍ 97 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 26 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുകളും ബെയര്‍‌സ്റ്റോ പറത്തി.

ശനിയാഴ്ച അമേരിക്കയ്ക്കും തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയ്ക്കും എതിരെയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരങ്ങള്‍. ഇംഗ്ലണ്ട് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയേയും ഞായറാഴ്ച അമേരിക്കയേയും നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.