'പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍' താരം തമായോ പെറി സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

'പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍' താരം തമായോ പെറി സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹവായ്: ലോകപ്രശസ്തമായ ഹോളിവുഡ് ചിത്രം 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍' താരവും ലൈഫ് ഗാര്‍ഡും സര്‍ഫിങ് പരിശീലകനുമായ തമായോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 49 വയസായിരുന്നു. ഹവായിലെ 'ഗോട്ട് ഐലന്‍ഡി'ലാണ് പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കാലും കയ്യും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

കടലില്‍ സര്‍ഫിങ്ങിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഹവായിലെ ഒ'ആഹു ബീച്ചില്‍ ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തിച്ചു വരികയായിരുന്നു തമായോ പെറി. സര്‍ഫിങ് രംഗത്തു വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇദ്ദേഹത്തിന് ഈ മേഖലയില്‍ ധാരാളം ആരാധകരുണ്ട്. സര്‍ഫിംഗിങ്ങില്‍ ഇദ്ദേഹത്തിനുള്ള പ്രാവീണ്യത്തിലൂടെ നിരവധി ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചിരുന്നു.

താരത്തിനുണ്ടായ ദാരുണാന്ത്യം സിനിമ മേഖലയെയും ഞെട്ടിച്ചിരിക്കുകയാണ്. കടലില്‍വച്ചു തന്നെ മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തുണ്ടായിരുന്ന അടിയന്തര രക്ഷാസേന പ്രവര്‍ത്തകരാണ് കരയ്ക്കെത്തിച്ചത്. നടന്റെ ശരീരത്തില്‍ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. നടന്റെ മരണത്തെ തുടര്‍ന്ന് ഓഷ്യന്‍ സേഫ്റ്റി ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സ്രാവുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി.

'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്‌സ്', 'ബ്ലൂ ക്രഷ്', 'ഹവായ് 5-0' തുടങ്ങിയ സിനിമകളിലും 'ലോസ്റ്റ്' എന്ന ടെലിവിഷന്‍ സീരീസിലും തമായോ പെറി വേഷമിട്ടിട്ടുണ്ട്. സ്രാവിന്റെ ആക്രമണം മൂലം ഈ മാസം ഒ'ആഹുവില്‍ മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് തമായോ പെറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.