'മണിപ്പൂരിന് നീതി വേണം' വിളികളാല്‍ ലോക്‌സഭ മുഖരിതം; ഇത് പഴയ സഭയല്ലെന്ന മുന്നറിയിപ്പ് നല്‍കി മണിപ്പൂര്‍ എംപിമാരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്ത് പ്രതിപക്ഷം

'മണിപ്പൂരിന് നീതി വേണം' വിളികളാല്‍ ലോക്‌സഭ മുഖരിതം; ഇത് പഴയ സഭയല്ലെന്ന മുന്നറിയിപ്പ് നല്‍കി മണിപ്പൂര്‍ എംപിമാരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്ത് പ്രതിപക്ഷം

മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പ്രഫ. അന്‍ഗോംച ബിമോല്‍ അകോയിസാമും ആല്‍ഫ്രഡ് കന്‍ഗാമും സത്യപ്രതിജ്ഞ ചെയ്യുന്നു.

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് ലോക്‌സഭ സാക്ഷ്യം വഹിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ എഴുന്നേറ്റു നിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.

മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പ്രഫ. അന്‍ഗോംച ബിമോല്‍ അകോയിസാമും ആല്‍ഫ്രഡ് കന്‍ഗാമും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ 'ജസ്റ്റിസ് ഫോര്‍ മണിപ്പൂര്‍' (മണിപ്പൂരിന് നീതി വേണം) വിളികളാല്‍ സഭ മുഖരിതമായി. ഇന്ത്യ മുന്നണി അംഗങ്ങളാണ് അത്യുച്ചത്തില്‍ മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായെത്തിയത്.

മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാതിരുന്ന പഴയ ലോക്‌സഭയല്ല ഇതെന്ന മുന്നറിയിപ്പ് നല്‍കുന്ന നീക്കങ്ങളായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രഫ. അന്‍ഗോംച ബിമോല്‍ മണിപ്പൂരിലെ മീതേയ് ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ സമ്മാനിച്ച ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രഫ. ബിമോലിന്റെ സത്യപ്രതിജ്ഞ. നിറഞ്ഞ കരഘോഷത്തിനൊപ്പം 'മണിപ്പൂര്‍..മണിപ്പൂര്‍' വിളികളോടെയാണ് ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയ ബിമോലിനെ സത്യപ്രതിജ്ഞാ വേളയില്‍ ഇന്ത്യ മുന്നണി അംഗങ്ങള്‍ സ്വാഗതം ചെയ്തത്.

പ്രഫ. ബിമോലിന് പിന്നാലെയാണ് ആല്‍ഫ്രഡ് കന്‍ഗാം എത്തിയത്. ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തെയാണ് ആല്‍ഫ്രഡ് പ്രതിനിധാനം ചെയ്യുന്നത്. ഇംഗ്ലീഷിലായിരുന്നു അദേഹത്തിന്റെ സത്യപ്രതിജ്ഞ. അപ്പോഴും മണിപ്പൂര്‍ വിളികള്‍ ഉയര്‍ന്നു.

ഇരുനൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ മണിപ്പൂര്‍ കലാപത്തിന്റെ ഇരകളായി ആയിരക്കണക്കിന് ആളുകളാണ് ഇന്നും ദുരിതം പേറി ജീവിക്കുന്നത്. 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം കത്തിപ്പടര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയാറാകാതിരുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്തെ രണ്ട് സീറ്റിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഗംഭീര വിജയം നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.