പാലാ സ്വദേശിയായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട് കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശി പിടിയില്‍

പാലാ സ്വദേശിയായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട് കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ച് നഗ്‌നചിത്രം എടുത്ത പ്രതി പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ആല്‍വിയാണ് (29) പിടിയിലായത്.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കോട്ടയം പാലായിലെ പള്ളിവികാരിയായ വൈദികന്റെ പരാതിയില്‍ പ്രതിയെ ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് നഗരത്തില്‍ പിടിച്ചുപറിയും മോഷണവുമായി കറങ്ങി നടക്കുന്നയാളാണ് പ്രതി. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിന് സെന്‍ട്രല്‍ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികന്‍. തിരികെ കോട്ടയത്തേയ്ക്ക് പോകാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ബാത്ത് റൂം ഉപയോഗിക്കാനായി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ഐഫോണും ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചും കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് നഗ്‌നചിത്രം പകര്‍ത്തിയ പ്രതി പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി സ്ഥലംവിട്ടതോടെ വൈദികന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സെന്‍ട്രല്‍ സി.ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ റെജി രാജ്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണന്‍, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് അന്വേഷണത്തില്‍ ആല്‍വി ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ ആല്‍വിയെടുത്ത സിമ്മുകളുടെ നമ്പറെടുത്തു. സ്വിച്ച് ഓഫായിരുന്നതിനാല്‍ തുടക്കത്തില്‍ അന്വേഷണം പരുങ്ങലിലായി. അച്ചനില്‍ നിന്ന് കൈക്കലാക്കിയ ഫോണില്‍ ഇന്നലെ സിമ്മിട്ടതോടെ പൊലീസിന് വിവരം ലഭിക്കുകയും ടവര്‍ ലൊക്കേഷന്‍ വഴി പ്രതിയെ പിടികൂടുകയും ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.