നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അടിയന്തര പ്രമേയത്തിന് അനുമതി തേടാന്‍ ഇന്ത്യാ സഖ്യം; അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കും

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അടിയന്തര പ്രമേയത്തിന് അനുമതി തേടാന്‍ ഇന്ത്യാ സഖ്യം; അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കും

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇന്ത്യാ സഖ്യം. നാളെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടും. വിഷയം ലോക്്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

നീറ്റ്, അഗ്‌നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും.

അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ഓഫീസ് എന്‍എസ്യു (നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍) പ്രവര്‍ത്തകര്‍ ഉള്ളില്‍ നിന്ന് പൂട്ടി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ എന്‍എസ്യു ഡല്‍ഹി ഓഖ്ല മേഖലയിലെ എന്‍ടിഎ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. നൂറോളം വരുന്ന പ്രവര്‍ത്തകരാണ് കെട്ടിടത്തിനുള്ളില്‍ക്കയറി പ്രതിഷേധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.