'ഞാന്‍ ചെറുപ്പമല്ല'; പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ കനത്ത പ്രഹരമേറ്റതിനു പിന്നാലെ പ്രതികരണവുമായി ബൈഡന്‍: ട്രംപിനെ അനുകൂലിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

'ഞാന്‍ ചെറുപ്പമല്ല'; പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ കനത്ത പ്രഹരമേറ്റതിനു പിന്നാലെ പ്രതികരണവുമായി ബൈഡന്‍: ട്രംപിനെ അനുകൂലിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിശദീകരണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ബൈഡന്‍ തള്ളി. പ്രായാധിക്യമുള്‍പ്പെടെ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡന്‍ പ്രതികരിച്ചത്.

'ഞാന്‍ ഒരു ചെറുപ്പക്കാരനല്ലെന്ന് എനിക്കറിയാം, എന്നാല്‍ ജനങ്ങളെ സമര്‍ത്ഥമായി സേവിക്കാന്‍ എനിക്ക് കഴിയും' - സംവാദത്തിനു ശേഷം നോര്‍ത്ത് കരോലിനയില്‍ നടന്ന പ്രചാരണ റാലിയില്‍ ജനക്കൂട്ടത്തിന് ബൈഡന്‍ വാഗ്ദാനം നല്‍കി.

കഴിഞ്ഞ ദിവസം ബൈഡനും ഡോണാള്‍ഡ് ട്രംപും നടന്ന സംവാദം വലിയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിഎന്‍എന്‍ ആതിഥേയത്വം വഹിച്ച സംവാദം അറ്റ്‌ലാന്റയിലാണ് നടന്നത്. യുഎസ് തിരഞ്ഞെടുപ്പുകളുടെ വളരെ സുപ്രധാനമായ ഭാഗമാണ് പ്രസിഡന്‍ഷ്യല്‍ സംവാദം.


സംവാദത്തില്‍ ബൈഡനും ട്രംപും

കുടിയേറ്റം, അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം, സമ്പദ്വ്യവസ്ഥ, ഉക്രെയ്ന്‍, ഇസ്രയേല്‍ യുദ്ധങ്ങള്‍, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്നങ്ങള്‍, എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടു. ഏകദേശം 50 ദശലക്ഷം അമേരിക്കക്കാര്‍ സംവാദം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പരസ്പരം നോക്കുകയോ കൈകൊടുക്കുകയോ ചെയ്യാതെയാണ് ഇരുനേതാക്കളും സംവാദം തുടങ്ങിയത്. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റാകാന്‍ ശാരീരികമായും മാനസികമായും തനിക്ക് കരുത്തുണ്ടെന്ന് ബൈഡന് തെളിയിക്കേണ്ട വേദിയായിരുന്നു ട്രംപുമായുള്ള സംവാദം. അതില്‍ ബൈഡന്‍ അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍. പ്രായാധിക്യം വിളിച്ചു പറയുന്നതായിരുന്നു 81കാരനായ ബൈഡന്റെ പ്രകടനം.

മൂര്‍ച്ഛയേറിയ വാക്കുകളും പദസമ്പത്തും ദേശീയ രാഷ്ട്രീയത്തില്‍ ഊന്നിയ മറുപടികളുമായി 78-കാരനായ ട്രംപ് കളം നിറഞ്ഞ് നിന്നപ്പോള്‍, മൃദുഭാഷിയായ ബൈഡന്റെ അടഞ്ഞ ശബ്ദവും വാക്കുകള്‍ക്കായുള്ള തപ്പിത്തടയലും മൂര്‍ച്ചയില്ലാത്ത മറുപടികളും അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി. ബൈഡന്റെ പ്രകടനം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പോലും അതൃപ്തിയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തില്‍ തുടങ്ങിയ സംവാദത്തില്‍ ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്വ്യവസ്ഥ തകര്‍ത്താണ് ഡോണാള്‍ഡ് ട്രംപ് ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്നും തങ്ങള്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇത് ശരിയാക്കിയെടുത്തതെന്നും ബൈഡന്‍ അവകാശപ്പെട്ടു. തന്റെ കാലത്ത് യുഎസിന്റേത് മഹത്തായ സമ്പദ് വ്യവസ്ഥയായിരുന്നു എന്ന് ട്രംപ് മറുപടി നല്‍കി.

ഗര്‍ഭച്ഛിദ്രം, കുടിയേറ്റം, യുദ്ധം

അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ ബൈഡന്‍ തീരുമാനിച്ച ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ 'ഏറ്റവും ലജ്ജാകരമായ ദിവസം' ആണെന്ന് ട്രംപ് ആരോപിച്ചു. ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് വിലക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ് ഗര്‍ഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും കൂട്ടിച്ചേര്‍ത്തു. യുഎസില്‍ ഗര്‍ഭച്ഛിദ്രം ഏവരും ഉറ്റുനോക്കുന്ന വിഷയമാണ്. നേരത്തെ ഗര്‍ഭച്ഛിദ്രത്തിന് വിരുദ്ധമായി സംസാരിച്ചിരുന്ന ട്രംപ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബൈഡന്‍ ഇക്കാര്യത്തില്‍ നിലപാട് കൃത്യമായി വ്യക്തമാക്കിയില്ല.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന്‍ ഒന്നും ചെയ്തിട്ടില്ലെന്നും റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് ബൈഡന്റെ പെരുമാറ്റമെന്നും ട്രംപ് ആരോപിച്ചു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരാന്‍ ഹമാസിനെ അനുവദിക്കില്ലെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. താന്‍ ഭരണത്തിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം അനുവദിക്കില്ലായിരുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.

യുഎസ് തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കെയാണ് സിഎന്‍എന്‍ നേതൃത്വത്തില്‍ പ്രസിഡന്‍ഷ്യല്‍ സംവാദം നടക്കുന്നത്. ആളുകളെ പങ്കെടുപ്പിക്കാതെ സ്റ്റുഡിയോയില്‍ വച്ചാണ് സംവാദം സംഘടിപ്പിച്ചത്. സംവാദം രൂക്ഷമാകാതിരിക്കാന്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളുടെ മൈക്ക് ഓഫ് ചെയ്തായിരുന്നു പരിപാടി നടത്തിയത്.

അതേസമയം, വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡന് അനുകൂലമായല്ല രംഗത്തെത്തിയിരിക്കുന്നത്. 'ന്യൂയോര്‍ക്ക് ടൈംസ്' ട്രംപിന് അനുകൂലമായാണ് വിധിയെഴുതിയത്. രാഷ്ട്രീയ നിരീക്ഷകനായ മിഷേല്‍ ഗോള്‍ഡ്ബെര്‍ഗ് അഭിപ്രായപ്പെട്ടതിങ്ങനെ. 'ട്രംപ് അനവധി കള്ളങ്ങളാണ് പറഞ്ഞത്. എന്നാല്‍ അവയെ പ്രതിരോധിക്കാന്‍ പോലും ബൈഡനായില്ല. അദ്ദേഹത്തിന് വയ്യ. ബൈഡനെ മാറ്റാനുളള ശ്രമങ്ങള്‍ നടക്കുകയാണെങ്കില്‍ താന്‍ മുന്‍പന്തിയിലുണ്ടാകും' അദ്ദേഹം പറഞ്ഞു.

ബൈഡന്‍ സംവാദത്തില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ആദ്യത്തെ ഇരുപത് മിനുട്ടുകളില്‍ത്തന്നെ ബൈഡന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നുമാണ് 'ദി ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത്. സിഎന്‍എന്‍ പത്രപ്രവര്‍ത്തകര്‍ ബൈഡന്‍ ആദ്യ സംവാദത്തില്‍ പരാജയമായിരുന്നുവെന്ന് തുറന്നെഴുതി. അദ്ദേഹം ഇത്രയും മോശമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ എഴുതി. ബൈഡന്റെ ഈ മോശം പ്രകടനത്തിനെതിരെ ഡെമോക്രാറ്റുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കത്തിക്കയറുന്ന വിലക്കയറ്റത്തില്‍ ട്രംപ് രൂക്ഷമായി ബൈഡനെ വിമര്‍ശിച്ചു. ബൈഡന്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

എന്നാല്‍ ട്രംപിന്റെ ഭരണകാലയളവില്‍ ജനങ്ങള്‍ക്ക് സംഭവിച്ച തൊഴില്‍നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി ബൈഡന്‍ തിരിച്ചടിച്ചു. കോവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴില്‍ വ്യവസ്ഥ തന്റെ കാലത്താണ് പൂര്‍വസ്ഥിതിയിലായതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ട്രംപ് രാജ്യത്ത് കുറിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂര്‍വം വെവ്വേറെ സ്ഥലങ്ങളില്‍ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡന്‍ ആരോപിച്ചു.

എന്നാല്‍ താന്‍ പ്രസിഡന്റായിരിക്കേ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞതായും ബൈഡന്‍ വന്നപ്പോള്‍ അതിര്‍ത്തികള്‍ തുറന്നിട്ടതായും ട്രംപ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ അമേരിക്കന്‍ വയോധികര്‍ തെരുവില്‍ കഴിയുമ്പോള്‍, ആഡംബര ഹോട്ടലുകളിലാണ് അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. നുണ മാത്രം പറയുന്നവനാണു ട്രംപ് എന്നു തിരിച്ചടിച്ച ബൈഡന്‍, വയോധികര്‍ക്കായി തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു.

കാലാവസ്ഥാ വിഷയങ്ങളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന നിലപാട് സംവാദത്തിലും ട്രംപ് ആവര്‍ത്തിച്ചു. പാരിസ് ഉടമ്പടിയില്‍ കോടിക്കണക്കിനു ഡോളറാണ് യുഎസിന് ചെലവാക്കേണ്ടി വരിക. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഒന്നും നല്‍കേണ്ടി വരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ കാലത്ത് പരിസ്ഥിതി ഏറ്റവും മികച്ച അവസ്ഥയിലായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇരു നേതാക്കളുടെയും പ്രായത്തെക്കുറിച്ചും സംവാദത്തില്‍ ചോദ്യമുണ്ടായി. തന്റെ ആരോഗ്യം മെച്ചമാണെന്നും ബൈഡന്‍ വിശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മറവി രോഗമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ, സംവാദത്തിനിടയിലും ഓര്‍മ മുറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ ബൈഡന്‍ പ്രകടിപ്പിച്ചു. മെഡികെയര്‍, കോടീശ്വരന്മാര്‍ക്ക് കൂടുതല്‍ നികുതി എന്നീ വിഷയങ്ങളില്‍ മറുപടി പറയുമ്പോഴാണ് ബൈഡന്‍ കുഴങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.