വീണ്ടും ലോക ചാമ്പ്യന്‍മാര്‍; കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ

വീണ്ടും ലോക ചാമ്പ്യന്‍മാര്‍; കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ

ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്താണ് ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. ഒരിക്കല്‍ കൂടി ഇന്ത്യ ടി20 ലോക ചാമ്പ്യന്‍മാര്‍. 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷം. ഇതോടെ രണ്ട് ലോക കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പേരെഴുതി ചേര്‍ക്കാനും ഇന്ത്യക്കായി. നടകീയതയും ആവേശവും അവസാന ഓവര്‍ വരെ നീണ്ട ഉദ്വേഗവും ഫൈനല്‍ ഒരു വിരുന്നാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഈ ഓവറില്‍ അവര്‍ക്ക് 8 റണ്‍സേ നേടാനായുള്ളു. രണ്ട് വിക്കറ്റും നഷ്ടമായി. അവസാന മൂന്ന് ഓവറുകള്‍ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് കൈവിട്ട കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
20-ാം ഓവറില്‍ ഇന്ത്യക്ക് ഭീഷണിയായി നിന്ന ഡേവിഡ് മില്ലറെ ഹര്‍ദികിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്നു പിടിച്ച് പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു. മില്ലര്‍ 21 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹര്‍ദിക് അവരുടെ പതനം ഉറപ്പിച്ചു.

വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ ഇന്ത്യയും ഇടയ്ക്ക് ദക്ഷിണാഫ്രിക്കയും ജയിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തി. പിന്നീട് അവസാന ഘട്ടത്തില്‍ കളി ദക്ഷിണാഫ്രിക്ക കൈവിട്ടു. കന്നി ലോക കിരീടത്തിന് പ്രോട്ടീസ് ഇനിയും കാത്തിരിക്കണം.

177 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഹെയ്ന്റിച് ക്ലാസന്റെ ക്ലാസ് ഇന്നിങ്സ് ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. താരം അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണതോടെ ഇന്ത്യയുടെ ആയുധങ്ങളുടെയെല്ലാം മുനയൊടിഞ്ഞു. ഒടുവില്‍ അവസാന ഘട്ടത്തില്‍ പേസര്‍മാരിലൂടെ കളി തിരികെ പിടിച്ചാണ് ത്രില്ലര്‍ വിജയം ഇന്ത്യ സ്വന്തമാക്കിയത്.

ക്ലാസന്‍ 25 പന്തിലാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 15-ാം ഓവര്‍ ഏറെക്കുറെ കളി നിര്‍ണയിക്കുന്നതായി മാറി. ആ ഓവറില്‍ വൈഡും ക്ലാസന്റെ അടിയും കാരണം കിട്ടിയത് 23 റണ്‍സാണ്. പിന്നീട് ഹര്‍ദിക് പാണ്ഡ്യ ക്ലാസനെ മടക്കി കളി വീണ്ടും ഉദ്വേഗത്തിലാക്കി. താരം 52 റണ്‍സെടുത്തു. അതിന് ശേഷം ഇന്ത്യ അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് ജയം തൊട്ടത്.

ക്വിന്റന്‍ ഡി കോക്ക് (39), ട്രിസ്റ്റന്‍ സ്റ്റബ്സ് (31) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. കേശവ് മഹാരാജ് പുറത്താകാതെ നിന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
ഫൈനല്‍ വരെ കാത്തു വച്ചതായിരുന്നു കോഹ്‌ലി . ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വന്‍ തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ സ്‌കോറിനെ ക്ഷമയുടെ ആള്‍രൂപമായി നിന്നു കോഹ്ലി പിടിച്ചുയര്‍ത്തിയ കാഴ്ച മനോഹരമായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം കോഹ്‌ലി 76 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു.

കോഹ്‌ലിക്കൊപ്പം നിര്‍ണായക ബാറ്റിങുമായി അക്ഷര്‍ പട്ടേലും കളം വാണു. ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിടുകയായിരുന്നു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു നേരെ അക്ഷര്‍ അതിവേഗം പ്രത്യാക്രമണം നടത്തി. താരം 31 പന്തില്‍ നാല് സിക്സുകളും ഒരു ഫോറും സഹിതം 47 റണ്‍സെടുത്ത് ഇന്ത്യയെ 100 കടത്തിയാണ് മടങ്ങിയത്.

34 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തില്‍ ക്രീസിലെത്തിയാണ് അക്ഷര്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണത്. നിര്‍ഭാഗ്യം പക്ഷേ റണ്ണൗട്ട് രൂപത്തില്‍ താരത്തിന്റെ മനോഹര ബാറ്റിങ് തടഞ്ഞു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്ലി ഇന്ന് ക്രീസില്‍ ഉറച്ചു നിന്നതും ഇന്ത്യക്ക് തുണയായി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ പ്രതിരോധത്തിലേക്ക് വീണു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.

ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി ഒന്നാം ഓവര്‍ കത്തിച്ചു. പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബോണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്. പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

പിന്നീടാണ് കോഹ്‌ലി- അക്ഷര്‍ സഖ്യം ടീമിനെ പൊരുതാവന്ന അവസ്ഥയിലേക്ക് നയിച്ചത്. ശിവം ദുബെ 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 5 റണ്‍സുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 2 റണ്ണുമായി പുറത്തായി. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണത് കുറച്ചു കൂടി റണ്‍സെടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു തിരിച്ചടിയായി.

ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, അന്റിച് നോര്‍ക്യെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.