'ജാഗ്രത പാലിച്ചില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കും'; തിരഞ്ഞെടുപ്പ് ഫലം വലിയ താക്കീതെന്ന് ബിനോയ് വിശ്വം

'ജാഗ്രത പാലിച്ചില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കും'; തിരഞ്ഞെടുപ്പ് ഫലം വലിയ താക്കീതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് അകന്നുപോയതാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ അതേ അളവില്‍ ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ ഇനിയും ജാഗ്രത പാലിച്ചില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. അതുകൊണ്ട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വലിയ താക്കീതാണ്. പാഠം പഠിച്ച് മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് നല്ല മുന്നറിയിപ്പ് ആണ്. കണക്കുകളുടെ കളിവച്ച് ഇത് പരാജയമല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാം. അതൊരു വഴിയാണ്. പക്ഷേ അത്തരം സാമര്‍ഥ്യം കൊണ്ട് കാര്യമില്ല. ഫലം വന്ന അന്ന് തന്നെ താന്‍ പറഞ്ഞതാണ് വ്യാഖ്യാന പാടവം കൊണ്ടോ വിശകലന സാമര്‍ഥ്യം കൊണ്ടോ മറികടക്കാന്‍ കഴിയാത്ത പരാജയമാണ് ഉണ്ടായതെന്ന്. ഇത് പരാജയം തന്നെയാണ്. പരാജയമാണ് എന്ന അംഗീകരിക്കല്‍ ആണ് പ്രധാനമെന്നും അദേഹം വ്യക്തമാക്കി.

തങ്ങള്‍ക്ക് വലിയ ജനവിഭാഗമായി അടുപ്പമുണ്ടായിരുന്നു. ഇന്ന് അവര്‍ക്ക് തങ്ങളില്‍ അത്ര കണ്ട് വിശ്വാസം ഉണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഉലച്ചില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിന് ആത്മ പരിശോധന ആവശ്യമാണ്. തങ്ങളുടെ ഭാഗത്ത് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകും. വാക്ക്, പ്രവൃത്തി, ജീവിതം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിച്ച് തിരുത്തലുകള്‍ വേണ്ടതാണെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദേഹം പറഞ്ഞു.

ജനങ്ങള്‍ നിരീക്ഷകരാണ്. അവരുടെ റഡാറിലാണ് തങ്ങള്‍ ജീവിക്കുന്നത്. അവര്‍ പറയുന്നതാണോ ചെയ്യുന്നത് എന്ന് അവര്‍ നോക്കി കൊണ്ടേയിരിക്കും. ജനങ്ങളുമായി റീകണക്ട് ചെയ്യാന്‍ ശ്രമിക്കണമെന്നതാണ് സിപിഐയുടെ ബോധ്യം. ഇത് എല്ലാ ലെഫ്റ്റ് സര്‍ക്കിളിലേക്കും കൈമാറാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് ഇതെല്ലാം പഠിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണമായി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. തോല്‍വിക്കുള്ള നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പേടിയൊന്നുമില്ല. തിരുത്തല്‍ ശക്തിയായി നില്‍ക്കും. മുഖ്യ അജന്‍ഡയാക്കി സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ സങ്ങള്‍ക്ക് കൈയടി കിട്ടും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മുഖ്യലക്ഷ്യമാക്കാന്‍ പാടില്ല. ഇപ്പോള്‍ തങ്ങളുടെ മുഖ്യലക്ഷ്യം ഒരുമിച്ച് നിന്ന് മറികടന്ന് മുന്നേറുക എന്നതാണ്. തെറ്റ് തിരുത്തി മുന്നോട്ടുപോകണം. അതിന് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.