സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.

സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍ 22,542 പേരാണ് ലത്തീന്‍ സഭയില്‍ നിന്നുള്ളത്. അതായത് 4.13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ജോലിയില്‍ അവരുടെ പ്രാതിനിധ്യം.

കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക് വേര്‍ഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് ലത്തീന്‍ സഭയുടെ പിന്നാക്കവസ്ഥ വ്യക്തമാക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്ക് പ്രകാരം 18.3 ശതമാനമാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജന വിഭാഗം. അവസാന സെന്‍സസിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2021 ല്‍ കേരളത്തിലെ ലത്തീന്‍ ജനസംഖ്യ 20,04,548 ആണ്.

ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആറ് ശതമാനം വരും. സര്‍ക്കാര്‍ തൊഴില്‍ രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ തസ്തികയില്‍ 45.28 ശതമാനം കുറവുണ്ടെന്നാണ് കണക്കുകള്‍.

ഘടനാപരമായി വിവിധ ജാതി മതങ്ങളില്‍ നിന്ന് വന്നിട്ടുള്ള പിന്നാക്കക്കാരാണ് ലത്തീന്‍ കത്തോലിക്കരിലേറെയും. 2000 ലെ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 4,370 സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് അന്ന് കണ്ടെത്തിയിരുന്നു.

ലത്തീന്‍ കത്തോലിക്കരായ സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറെയും ജോലി ചെയ്യുന്നത് ക്ലാസ് 3, 4 വിഭാഗത്തിലാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ഷെറി തോമസ് പറയുന്നു. എന്നാല്‍ മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 73,714 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. അതായത് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ 13.51 ശതമാനം.

പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ആറ് മുതല്‍ എട്ട് ശതമാനം വരെയുണ്ടെന്നാണ് പരിവര്‍ത്തിത ക്രൈസ്തവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേറ്റീവ് ക്രിസ്ത്യന്‍ ഫെഡറേഷന്റെ കണക്കുകള്‍ പറയുന്നത്. അവരില്‍ 2,399 പേരാണ് സര്‍ക്കാര്‍ ജോലിയുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതനുസരിച്ചു 0.43 ശതമാനം പ്രാതിനിധ്യം മാത്രമാണ് അവര്‍ക്കുള്ളത്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് 2,290 തൊഴിലവസരങ്ങള്‍ നഷ്ടമായെന്നാണ് കണക്ക്. എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തില്‍ 929 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ചുരുക്കത്തില്‍ പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.