മന്ത്രി പി. പ്രസാദിന്റെ ഡ്രൈവറുടെ നാവില്‍ തെരുവുനായ കടിച്ചു; ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

മന്ത്രി പി. പ്രസാദിന്റെ ഡ്രൈവറുടെ നാവില്‍ തെരുവുനായ കടിച്ചു; ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

അടൂര്‍: കൃഷിമന്ത്രി പി. പ്രസാദിന്റെ ഡ്രൈവറുടെ നാവില്‍ തെരുവുനായ കടിച്ചു. ഭാര്യാമാതാവിനെ തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടൂര്‍ മേലൂട് സ്വദേശി ശശി (54)ക്ക് കടിയേറ്റത്. ശശിയുടെ ഭാര്യാമാതാവ് ഭാരതി(64)യുടെ മൂക്കിനും നായ കടിച്ചു. ഹൃദ്രോഗത്തിന് പേസ് മേക്കര്‍ ഘടിപ്പിച്ചിട്ടുള്ള ആളാണ് ഭാരതി.

അടൂര്‍ ഗവ. ആശുപത്രിയ്ക്ക് സമീപത്തുവച്ച് ഇന്നലെ വൈകുന്നേരം നാലരയോടെ ആയിരുന്നു ആക്രമണം. റോഡില്‍ കൂടി നടന്ന് വരുമ്പോള്‍ നായ പാഞ്ഞടുക്കുന്നത് കണ്ട ഭാരതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ശശി സമീപത്തെ കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഭാരതിയെ നായ കടിക്കാന്‍ ചാടുന്നത് കണ്ട ശശി കൈയ്യിലിരുന്ന ബാഗ് കൊണ്ട് അടിച്ചു. ഇതിനിടെ ഭാരതിയുടെ മൂക്കില്‍ നായ കടിച്ചു.

അടികൊണ്ട് മാറിയ ഉടനെ നായ ശശിയുടെ മുഖത്തിനു നേരെ ചാടുകയും നാക്കില്‍ കടിക്കുകയുമായിരുന്നു. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരെയും നായ ആക്രമിച്ചു. അടൂര്‍ പന്നിവിഴ സ്വദേശിനി അനുജ (43), കോട്ടപ്പുറം സ്വദേശി ശ്യാം (36), വിദ്യാര്‍ഥിയും ചായലോട് സ്വദേശിയുമായ ആല്‍വിന്‍ (11), ആനന്ദപ്പള്ളി സ്വദേശി ഗോപാലന്‍ (75), അടൂര്‍ സ്വദേശി ജോര്‍ജുകുട്ടി (70) എന്നിവരുടെ കൈയിലും കാലിലുമാണ് കടിച്ചത്.

ക്ലാസ് കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ വിദ്യാര്‍ഥിയായ അല്‍വിനെയാണ് ആദ്യം കടിച്ചത്. പിന്നീട് ബസ്റ്റാന്‍ഡിന് സമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടര്‍ന്ന് കടയില്‍ നിന്ന അമ്മയേയും മകളേയും കടിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വെച്ചതോടെ ഓടിപ്പോയ നായ തുടര്‍ന്ന് ഭാരതിയെയും ശശിയേയും ആക്രമിക്കുകയായിരുന്നു. നായയെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.