കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മ പദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് ചോദിച്ചു. കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് കഴിവില്ലേ? എല്ലാ ദിവസവും പള്ളിയുടെ ഗേറ്റില്‍ പോയി വെറുതെ മടങ്ങി വരുന്ന പതിവ് ഇനി അനുവദിക്കാന്‍ കഴിയില്ല.
കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് താല്‍പ്പര്യക്കുറവുണ്ടോയെന്നും കോടതി ചോദിച്ചു. റൂള്‍ ഓഫ് ലോ ഉള്ള നാടാണിത്. ഇവിടെ കൃത്യമായി നിയമ പരിപാലനം നടന്നിരിക്കണം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ കര്‍മ്മ പദ്ധതി വേണമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുട്ടികളേയും കൊണ്ട് പള്ളിക്കകത്ത് പ്രതിഷേധം ഉണ്ടായി. ബലം പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ഇനിയും കാത്തിരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭ കോടതിയെ അറിയിച്ചു. അപ്പോള്‍ സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇനിയും കൃത്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍, കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.