വിശ്വാസ ജീവിതത്തിലെ 'ഇടര്‍ച്ചകളെ' പ്രത്യാശയുടെ പുളിമാവായും പുതിയ ലോകത്തിന്റെ വിത്തുകളായും പരിണമിപ്പിക്കണം: മാര്‍പാപ്പ

വിശ്വാസ ജീവിതത്തിലെ 'ഇടര്‍ച്ചകളെ' പ്രത്യാശയുടെ പുളിമാവായും പുതിയ ലോകത്തിന്റെ വിത്തുകളായും പരിണമിപ്പിക്കണം: മാര്‍പാപ്പ

ത്രിയെസ്‌തെ (ഇറ്റലി): വിശ്വാസ ജീവിതത്തില്‍ ഉണ്ടാകുന്ന 'ഇടര്‍ച്ചകളെ' പ്രത്യാശയുടെ പുളിമാവായും പുതിയ ലോകത്തിന്റെ വിത്തുകളായും പരിണമിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ.

അമ്പതാമത് ഇറ്റാലിയന്‍ കത്തോലിക്കാ സാമൂഹ്യവാരത്തിന്റെ സമാപനം കുറിച്ച് ഇറ്റലിയിലെ ത്രിയെസ്‌തെ നഗരത്തില്‍ ഞായറാഴ്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പരിശുദ്ധ പിതാവ് മുഖ്യകാര്‍മികനായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാളന്മാരും മെത്രാന്മാരും ഉള്‍പ്പെടെ നൂറോളം പിതാക്കന്മാരും 260 വൈദികരും സഹകാര്‍മികരായിരുന്നു. വിവിധ രാജ്യക്കാരായ 8500-ല്‍ പരം ആളുകളും ദിവ്യബലിയില്‍ പങ്കെടുത്തു.

സ്വന്തം നാട്ടുകാരാല്‍ തിരസ്‌കൃതനായ യേശുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് സുവിശേഷ വിചിന്തനം ആരംഭിച്ചത്. അവിടുന്ന് സ്വീകരിച്ച മനുഷ്യപ്രകൃതിയാണ് ഈ തിരസ്‌കരണത്തിന് കാരണമായത്. 'തച്ചനായ യൗസേപ്പിന്റെ മകന്‍' എന്ന നിലയില്‍ മാത്രമാണ് അവര്‍ യേശുവിനെ മനസിലാക്കിയത്. അവിടുത്തെ ജ്ഞാനത്തിന്റെയും അത്ഭുതപ്രവര്‍ത്തികളുടെയും സ്രോതസ് ഗ്രഹിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ബലവാനും സര്‍വ്വശക്തനുമായ ഒരു ദൈവത്തെ മനസിലാക്കുക എളുപ്പമാണ്. എന്നാല്‍ കുരിശു മരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ഒരു ദൈവത്തെ മനസ്സിലാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഒരുപക്ഷേ, ഇത് നമ്മെ വിഷമിപ്പിക്കുകയും നമുക്ക് ഇടര്‍ച്ച ഉണ്ടാക്കുകയും ചെയ്‌തേക്കാം - പാപ്പാ കൂട്ടിച്ചേര്‍ത്തു.

വിശ്വാസ ജീവിതത്തിലെ ഇടര്‍ച്ച

വിശ്വാസ ജീവിതത്തിലെ ഈ 'ഇടര്‍ച്ച' ഇന്നിന്റെ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ലോകം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെ നിസംഗതയോടെ വീക്ഷിക്കാനല്ല മറിച്ച്, മനുഷ്യാവതാരത്തില്‍ വേരൂന്നിയ ഒരു വിശ്വാസത്തിലേക്ക്, ചരിത്രത്തിലേക്ക് കടന്നുവന്നതും മനുഷ്യ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് എത്തിച്ചേരാന്‍ ഈ ഇടര്‍ച്ച കാരണമാകണം. അങ്ങനെ അത് പ്രത്യാശയുടെ പുളിമാവും ഒരു പുതിയ ലോകത്തിന്റെ വിത്തുമായി പരിണമിക്കും.

ലോകത്തിന്റെ തിന്മകള്‍ മൂലമുള്ള ഇടര്‍ച്ച

തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തുവെങ്കിലും യേശു തന്റെ ദൗത്യത്തോട് വിശ്വസ്തനായിരുന്നു. അതുപോലെ, എല്ലാ സാഹചര്യങ്ങളിലും ദൈവരാജ്യത്തിന് സാക്ഷികളാകാനും പ്രവാചകരാകാനും ക്രിസ്ത്യാനികളായ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

യേശുവില്‍ നമുക്ക് ഇടര്‍ച്ച ഉണ്ടാകരുത്. എന്നാല്‍ നേരെമറിച്ച്, മനുഷ്യജീവനെ തരംതാഴ്ത്തുന്നതും മുറിപ്പെടുത്തുന്നതും ഹനിക്കുന്നതുമായ എല്ലാ സാഹചര്യങ്ങള്‍ക്കും നേരെ നാം ധാര്‍മികരോഷമുള്ളവരായിരിക്കണം. സുവിശേഷത്തിലെ പ്രവാചകധീരത വാക്കുകളേക്കാളുപരി നാം നടത്തുന്ന തിരഞ്ഞെടുപ്പുകളിലൂടെ നമ്മില്‍ മാംസം ധരിക്കണം - പാപ്പാ അഭ്യര്‍ത്ഥിച്ചു.

പ്രത്യാശയുടെ സുവിശേഷം പ്രചരിപ്പിക്കാന്‍ എപ്പോഴും സന്നദ്ധരായിരിക്കണമെന്ന് ത്രിയെസ്‌തേയിലെ സഭാ സമൂഹത്തോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. പ്രത്യേകമായി, ബാല്‍ക്കന്‍ റൂട്ടിലൂടെ കടന്നുവരുന്ന അഭയാര്‍ത്ഥികള്‍ക്കും ശരീരത്തിലും ആത്മാവിലും ആശ്വാസവും പ്രചോദനവും ആവശ്യമുള്ള മറ്റെല്ലാവര്‍ക്കും പ്രത്യാശ പകരുന്നതില്‍ മുന്‍നിരയില്‍ ആയിരിക്കണം - പാപ്പാ കൂട്ടിച്ചേര്‍ത്തു.

പിതാവായ ദൈവത്താല്‍ നാമെല്ലാവരും സ്‌നേഹിക്കപ്പെടുന്നതിനാല്‍ ഒരുമയോടെ പ്രവര്‍ത്തിക്കാനും സഹോദരീസഹോദരന്മാരായി ജീവിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.