'വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണം': വിവാഹിതനായ പുരുഷന്റെ കടമകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി; സുപ്രധാന വിധി ഇങ്ങനെ

'വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണം': വിവാഹിതനായ പുരുഷന്റെ കടമകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി; സുപ്രധാന വിധി ഇങ്ങനെ

ന്യൂഡല്‍ഹി: ഒരു വിവാഹിതന്‍ തന്റെ ഭാര്യയെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്‍ ആയിരിക്കണമെന്ന് സുപ്രീം കോടതി. സെക്ഷന്‍ 125 സിആര്‍പിസി പ്രകാരം വിവാഹ മോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ ഒരു മുസ്ലീം യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജീവനാംശം ആവശ്യപ്പെടുന്നതിനുള്ള നിയമം മതം നോക്കാതെ എല്ലാ സ്ത്രീകള്‍ക്കും സാധുതയുള്ളതായിരിക്കുമെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗൃഹനാഥയുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞത്:

ഒരു വീട്ടമ്മയുടെ അവകാശങ്ങള്‍ എടുത്തുകാണിച്ച കോടതി പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. ഇന്ത്യയില്‍ വിവാഹിതനായ ഒരു പുരുഷന്‍ തന്റെ ഭാര്യയെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതും സ്വതന്ത്രമായ വരുമാന മാര്‍ഗമില്ലാത്ത ഭാര്യക്ക്, പ്രത്യേകിച്ച് അവളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക സ്രോതസുകള്‍ ലഭ്യമാക്കി നല്‍കേണ്ടതുണ്ടെന്ന വസ്തുതയെക്കുറിച്ച് ബോധവാന്മാരാകണമെന്നും നിരീക്ഷിച്ചു.

അത്തരം സാമ്പത്തിക ശാക്തീകരണം വീട്ടമ്മയെ കുടുംബത്തില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് ബോധമുള്ള വിവാഹിതരായ പുരുഷന്‍മാര്‍ ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ടോ, എടിഎം കാര്‍ഡ് വഴിയോ ഗാര്‍ഹിക ചെലവുകള്‍ക്ക് പുറമെ അവരുടെ വ്യക്തിഗത ചെലവുകള്‍ക്കായി ഇണയ്ക്ക് അവരുടെ സാമ്പത്തിക സ്രോതസുകള്‍ ലഭ്യമാക്കുന്നത് അംഗീകരിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.
വിധിക്ക് കാരണമായ കേസ്

കുടുംബ കോടതിയുടെ മെയിന്റനന്‍സ് ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ മുഹമ്മദ് അബ്ദുള്‍ സമദ് രംഗത്തെത്തിയത്.

വിവാഹമോചിതയായ ഒരു മുസ്ലീം സ്ത്രീക്ക് സിആര്‍പിസിയുടെ 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിന് അര്‍ഹതയില്ലെന്നും 1986 ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥകള്‍ അഭ്യര്‍ത്ഥിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വാദത്തിനിടെ സിആര്‍പിസിയുടെ 125-ാം വകുപ്പ് പ്രകാരം മുസ്ലീം സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് നിരീക്ഷിച്ച കോടതി, ഈ നിയമത്തിലെ മത നിഷ്പക്ഷ വ്യവസ്ഥ അവരുടെ മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി.

1985 ലെ സുപ്രധാനമായ ഷാ ബാനോ വിധിയില്‍ മുസ്ലീം വ്യക്തി നിയമത്തേക്കാള്‍ പ്രാധാന്യമുണ്ടെന്ന് വിധിച്ച്, സിആര്‍പിസിയുടെ 125-ാം വകുപ്പ് മുസ്ലീം സ്ത്രീകള്‍ക്ക് ബാധകമാക്കുന്നത് സുപ്രീം കോടതി ശരിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.