ബാംഗ്ലൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അല്‍ഫോന്‍സ് മത്യാസ് കാലം ചെയ്തു

ബാംഗ്ലൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അല്‍ഫോന്‍സ് മത്യാസ് കാലം ചെയ്തു

ബംഗളുരു: ബാംഗ്ലൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അല്‍ഫോന്‍സ് മത്യാസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 5.20 ന് ബംഗളുരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

1964 മുതല്‍ 1986 വരെ ചിക്മംഗളൂര്‍ ബിഷപ്പായിരുന്ന ഡോ. അല്‍ഫോന്‍സ് മത്യാസ് 1986 ല്‍ ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പായി. 1998 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1989 ലും 1993 ലും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റായി സേവനം ചെയ്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലും ആര്‍ച്ച് ബിഷപ്പ് ഡോ. അല്‍ഫോന്‍സ് പങ്കെടുത്തിട്ടുണ്ട്. 1974 മുതല്‍ 1982 വരെ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു.

കര്‍ണാടകയിലെ സൗത്ത് കാനറ ജില്ലയില്‍പ്പെട്ട പാംഗാലയില്‍ ഡിയെഗോ മത്യാസിന്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി 1928 ജൂണ്‍ 22 നാണ് ആര്‍ച്ച് ബിഷപ്പ് ഡോ. അല്‍ഫോന്‍സ് ജനിച്ചത്.

1945 ജൂണില്‍ മംഗളൂരു ജെപ്പു സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന അദേഹം ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1954 ഓഗസ്റ്റ് 24 ന് കാന്‍ഡിയില്‍ വച്ച് മംഗലാപുരം രൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.

മംഗലാപുരം ബജ്പെ സെന്റ് ജോസഫ്സ് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു പൗരോഹിത്യ ശുശ്രൂഷയുടെ തുടക്കം. 1955 ല്‍ റോമിലേക്ക് പോയ അദേഹം, കാനോനിക നിയമത്തിലും ഇന്റര്‍നാഷണല്‍ സിവില്‍ ലോയിലും ഉപരിപഠനം നടത്തിയ ശേഷം 1959 ല്‍ മംഗലാപുരം രൂപതയില്‍ തിരിച്ചെത്തി.

തുടര്‍ന്ന് അന്നത്തെ ബിഷപ്പ് ഡോ. റെയ്മണ്ട് ഡിമെല്ലോയുടെ സെക്രട്ടറിയായും രൂപത ചാന്‍സലറായും സേവനമനുഷ്ഠിച്ചു. പിന്നീട് മുപ്പത്തഞ്ചാമത്തെ വയസില്‍ പുതുതായി രൂപീകൃതമായ ചിക്മംഗളൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.