നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരന്‍ രാകേഷ് രഞ്ജന്‍ അറസ്റ്റില്‍

നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരന്‍ രാകേഷ് രഞ്ജന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ബിഹാറിലെ പാട്‌നയില്‍ നിന്നാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട കൊല്‍ക്കത്തിയിലെയും പാട്‌നയിലെയും വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി.

പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ കേസിലെ ആരോപണ വിധേയരില്‍ ഒരാളായ സഞ്ജീവ് മുഖ്യയുടെ അനന്തരവനാണ് രാകേഷ് രഞ്ജന്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ഇയാള്‍. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ ആദ്യ കണ്ണിയാണ് രാകേഷ് രഞ്ജനെന്നാണ് സിബിഐ നിഗമനം.

ചോര്‍ന്നു കിട്ടിയ ചോദ്യ പേപ്പര്‍ ഇയാള്‍ ചിണ്ടു എന്നയാള്‍ക്ക് കൈമാറി. ഇയാളാണ് ചോദ്യ പേപ്പറും ഉത്തരങ്ങളും പിന്നീട് കൂടുതല്‍ കണ്ണികളിലേക്ക് കൈമാറുന്നത്. ചോദ്യ പേപ്പര്‍ ആവശ്യക്കാരിലെത്തിക്കാന്‍ സോള്‍വേഴ്‌സ് സംഘത്തെ നിയോഗിച്ചതും രാകേഷ് രഞ്ജനാണ്. പാട്‌നയിലെയും റാഞ്ചിയിലെയും നിരവധി എംബിബിഎസ് വിദ്യാര്‍ഥികളെ ഇയാള്‍ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പ്രഭവ കേന്ദ്രമായി സിബിഐ കണക്കാക്കുന്നത്. ഇവിടെ നിന്ന് ബിഹാറിലേക്കും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഒമ്പത് സെറ്റ് ചോദ്യ പേപ്പര്‍ ഹസാരിബാഗിലെ എസ്ബിഐ ബ്രാഞ്ചില്‍ സൂക്ഷിക്കാനായി പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് എത്തിച്ചിരുന്നു.

ഇവിടെ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പര്‍ ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായ ഒയാസിസ് സ്‌കൂളിലെത്തിച്ചു. ഈ ചോദ്യ പേപ്പറുകളിലെ സീലുകള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പേ പൊട്ടിച്ചിരുന്നു.

സീലുകള്‍ പൊട്ടിച്ചത് റോക്കിയുടെ സാന്നിധ്യത്തിലാണെന്നാണ് കണ്ടെത്തല്‍. ഇയാള്‍ ചോദ്യ പേപ്പര്‍ മൊബൈലില്‍ ഫോട്ടോയെടുക്കുകയും സോള്‍വര്‍ ഗ്യാങിന് കൈമാറുകയുമായിരുന്നു. ഇതാണ് ലക്ഷങ്ങള്‍ വിലയിട്ട് നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നല്‍കിയത്.

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസില്‍ ഇതുവരെ 10 ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പ്രിന്‍സിപ്പള്‍, വൈസ് പ്രിന്‍സിപ്പള്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ജൂലൈ ഒമ്പതിന് ബിഹാറില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയും രണ്ടാമത്തെയാള്‍ മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവുമാണ്.

ബിഹാറിലെ നളന്ദ, ദയ ജില്ലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബിഹാറില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആകെ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.